ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ദിനം പ്രതിയുള്ള രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ആശങ്ക ഉയർത്തുകയാണ്. ആലപ്പുഴയിൽ കൂടുതൽ പോലീസുകാർക്ക് കോവിഡ് ബാധിക്കുന്നത് സ്ഥിതി ഗുരുതരമാക്കുകുന്നുണ്ട്. തൃക്കുന്നപുഴ സ്‌റ്റേഷനിലെ എഎസ്‌ഐ അടക്കം രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉൾപ്പെടെ 28 പോലീസുകാർ നിരീക്ഷണത്തിൽ പോയി.

പോലീസുകാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഹോം ഗാർഡ് ,സന്നദ്ധ പ്രവർത്തകൻ എന്നിവർക്കും തൃക്കുന്നപുഴയിൽ രോഗം ബാധിച്ചു. അരൂർ സ്റ്റേഷനിലെ വനിതാ പോലീസുകാരിയ്ക്കും കോവിഡ് പരിശോധനാഫലം പോസീറ്റീവായി. ഇതോടെ അരൂർ പൊലീസ് സ്റ്റേഷൻ താത്കാലികമായി അടച്ചു. സ്റ്റേഷൻ ഇനി അണു നശീകരണത്തിനു ശേഷമെ തുറക്കു.

എആർ ക്യാമ്പിലെ പോലീസ് സൊസൈറ്റി ബോർഡ് അംഗമായ ഇവർ പതിനൊന്നാം തീയതി നടന്ന ബോർഡ് മീറ്റിങ്ങിലും പങ്കെടുത്തിരുന്നു. മീറ്റിങ്ങിലുണ്ടായിരുന്ന മറ്റ് ഏഴുപേരും ക്വറന്റൈനിൽ പോയി. പോലീസ് കാന്റീനിലും വനിതാ പോലീസുകാരി സന്ദർശനം നടത്തിയിരുന്നു. ഇവരുടെ ബന്ധുക്കളായ നാലുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നുമാകാം രോഗം പകർന്നതെന്നാണ് നിഗമനം.

ക്ലസ്റ്ററായി പ്രഖ്യാപിച്ച ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലെ 9 പോലീസാകർക്ക് മുമ്പ് കോവിഡ് ബാധിച്ചിരുന്നു. ഇത്തരത്തിൽ പോലീസുകാർക്കിടെയിൽ രോഗ വ്യാപനം കൂടുമ്പോഴും പരിശോധനകൾ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. ജില്ലയിൽ ദിനം പ്രതിയുള്ള രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ചികിത്സാ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here