PRATHIBHA PURASKARAM

പാണക്കാട് സന്ദർശിച്ചത് രാഷ്ട്രീയ ചർച്ചയ്ക്കല്ല

രോഗാവസ്ഥ സ്ഥിരമല്ല

കളമശേരി: നിയോജക മണ്ഡലത്തിലെ തൻെറ പിൻഗാമി മകനാണെന്ന് സൂചന നൽകി വി കെ ഇബ്രാഹിം കുഞ്ഞ്. ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിൽ കുസാറ്റിൽ നടന്ന ഉണർവ് പ്രതിഭാ സംഗമത്തിൽ അവാർഡ് വിതരണത്തിന് നേതൃത്വം നൽകിയത് മകൻ വി.ഇ.അബ്ദുൾ ഗഫൂർ ആണ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും സ്വന്തം പാർട്ടിയിലെ നേതാക്കന്മാരെയും ഒഴിവാക്കിയാണ് ചടങ്ങു നടത്തിയത്. കഴിഞ്ഞ പത്തു വർഷമായി നടന്ന ചടങ്ങുകൾ ഇങ്ങിനെയായിരുന്നില്ല. കൊറോണ എല്ലാം മാറ്റിമറിച്ചെന്നാണ് വിശദീകരണം.

കളമശേരി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു തലത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മണ്ഡലത്തിലെ 650 ഓളം വിദ്യാർത്ഥികളെയാണ് ആദരിച്ചത്. അതിഥികളെക്കൊണ്ട് ഏതാനും പേർക്ക് മൊമെൻ്റോ കൈമാറിയ ശേഷം ഭൂരിഭാഗവും മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ മകനാണ് വേദിയിലെത്തി നൽകിയത്. മെമെന്റോയ്ക്കൊപ്പം 600 ഓളം വിദ്യാര്തഥികൾക്ക് ടാബും നൽകി.

ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം കേസിൽ പെട്ടതോടെ കോൺഗ്രസ്സും ലീഗിലെ അഹമ്മദ് കബീർ വിഭാഗവും കളമശേരി സീറ്റ് പിടിച്ചെടുക്കാൻ അണിയറനീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ പത്തുവർഷം കയ്യിൽ ഭദ്രമാക്കിവച്ച സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് മുന്മന്ത്രിയുടെ നിലപാട്.

മലപ്പുറം മമ്പുറം പള്ളിയിൽ പ്രാർത്ഥന നടത്താൻ കോടതി നൽകിയ അനുമതി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞ് എം എൽ എ പറഞ്ഞു. കളമശേരിൽ ഉണർവ്വ് പ്രതിഭാ സംഗമ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് വിവാദമായ യാത്രയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ മോചിതനായ ശേഷം ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ദീർഘദൂര യാത്ര നടത്തി പാണക്കാട്ടെത്തി ലീഗ്‌ നേതാക്കളുമായി രാഷ്ടീയ ചർച്ചനടത്തിയെന്നതും ഇബ്രാഹിം കുഞ്ഞ് നിഷേധിച്ചു.
മൂവാറ്റുപുഴ വിജിലൻസ് കോടതി 10 മുതൽ 13 വരെ നാലു ദിവസത്തേക്കാണ് എറണാകുളം ജില്ലയ്ക്ക് പുറത്തു പോകാൻ അനുമതി നൽകിയത്. എന്നാൽ ആരാധനാലയം സന്ദർശിക്കാൻ ഒരു ദിവസം മാത്രമേ എടുത്തിട്ടുള്ളൂ. അതിന് ശേഷം തിരികെ വരികയും ചെയ്തു.

രാഷ്ട്രീയ ചർച്ചക്കാണ് യാത്രയെങ്കിൽ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം കളമശേരി മണ്ഡലത്തിൽ ഉണ്ടായിരുന്നു. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ഇപ്പോൾ ചർച്ചയിൽ ഇല്ലെന്നും വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

രോഗം സ്ഥിരമല്ലെന്നും അതിന് ഭേദം വരാമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മത്സരിക്കുന്നതിന് ആരോഗ്യാവസ്ഥ തടസ്സമല്ല. ഡൽഹി മുതൽ തിരുവനന്തപുരം വരെ നേതാക്കന്മാർക്ക് രോഗം ഉണ്ട്. അത് എപ്പോൾ വേണമെങ്കിലും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഭേദമാകാമെന്നും മുൻ മന്ത്രി പ്രതികരിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ മന്ത്രിയും മുസ്ലിം ലീഗ് എംഎൽഎയുമായ വി കെ ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് പാണക്കാട്ട് എത്തിയത്. ലീഗ്‌ അധ്യക്ഷൻ ഹൈദരലി ശിഹാബ്‌ തങ്ങൾ, ജില്ലാ പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ എന്നിവരുടെ വീടകൾ സന്ദർശിച്ച ശേഷം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ അബ്ദുൾ ഗഫൂറിന്‌ കളമശേരി മണ്ഡലത്തിൽ സീറ്റ്‌ ആവശ്യപ്പെട്ടെന്നാണ് സൂചന. മമ്പുറം പള്ളിയിൽ പ്രാർത്ഥന നടത്താൻ മാത്രമേ ജാമ്യ ഇളവ്‌ ഉപയോഗപ്പെടുത്താവൂ എന്ന നിർദ്ദേശം ലംഘിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here