കൊച്ചി:  ലോക് ഡൗൺ സമയത്ത് നിത്യേന ആയിരങ്ങൾക്ക് അന്നമൂട്ടുന്ന ഐ .എ. ജി യുടെ ഭക്ഷണശാലയിലേക്ക് എറണാകുളം സഹൃദയ ഡയറക്ടർ ഫാദർ ജോസ് കൊളുത്തു വെള്ളിൽ ആയിരം കിലോ കപ്പ സംഭാവന നൽകി. സഹൃദയ വാളൻ്റിയർമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് സമാഹരിച്ച കപ്പയാണ് അടുക്കളയിലേക്ക് നേരിട്ടെത്തി ഫാദർ ജോസ് നൽകിയത്. പാകം ചെയ്ത ഭക്ഷണം വിളമ്പാനും അദ്ദേഹം നേരം കണ്ടെത്തി. ഇതുപോലുള്ള നല്ല പ്രവർത്തികൾക്ക്  ഇനിയും സഹായങ്ങൾ ചെയ്യാൻ തെയ്യാറാണെന്നും ഫാദർ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇൻ്റർ ഏജൻസി ഗ്രൂപ്പ് ടീം നടത്തുന്ന ഭക്ഷണ കേന്ദ്രത്തിന് കണയന്നൂർ തഹസിൽദാർ ബീന. പി. ആനന്ദ് തേതൃത്വം നൽകുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റവന്യൂ/ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ദേശീയ ദുരന്തനിവാരണ സേന അംഗങ്ങൾ ഭക്ഷണമില്ലാതെ വിഷമിക്കുന്ന പൊതു ജനങ്ങൾ എന്നിവർക്കാണ് ഇവിടെ നിന്ന് ഭക്ഷണം നൽകിവരുന്നത്.എറണാകുളം ടി.ഡി.റോഡിലെ എസ്.എസ്. കലാമന്തിർ ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന അടുക്കളയിൽനിന്ന് ദിവസവും ആയിരത്തിലധികം പേർക്ക് ഭക്ഷണം നൽകി വരുന്നു.
ഐ.എ ജി.  താലൂക്ക് ഇൻചാർജ് ടി.ആർ. ദേവൻ, കൺവീനർ എം. ജി . ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here