വിരലനക്കത്തിൻ്റെ താളത്തിൽ മുന്നോട്ടു പോകുന്ന ഒന്നായ് തീർന്നിരിക്കുന്നു ജീവിതം. ഒറ്റ ക്ലിക്കിൽ നന്മയും, തിന്മയും, ചതിക്കുഴികളും മിന്നിമറയുന്ന സ്ക്രീനുകൾ. നിഷ്കളങ്കമായ കുരുന്ന് മനസ്സുകൾക്ക് അതിൻറെ ആഴവും, പരപ്പും, അപകടവും അറിയണമെന്നില്ല. അതുകൊണ്ട് ഇൻറർനെറ്റിന് മുമ്പിലിരിക്കുന്ന കുട്ടികൾക്കരികിൽ അവരേക്കാൾ ജാഗ്രതയോടെ നാമിരിക്കേണ്ട കാലമാണിത് എന്ന രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പുമായി പോലീസ്.

കോവിഡ് മൂലം ക്‌ളാസ്സുകൾ ഓൺലൈൻ വഴി ആയതോടുകൂടി കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം വളരെ അധികം കൂടിയിരിക്കുന്നു. അതിനോടൊപ്പം തന്നെ കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങളും വർദ്ധിക്കുന്നതായി ലഭിക്കുന്ന പരാതികളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഓൺലൈൻ ലോകത്ത് അവരുടെ ഇടപടലുകൾ നാം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്.

നിങ്ങളുടെ കുട്ടികൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ, പ്ലാറ്റ്ഫോമുകളിൽ, ആപ്പുകളിൽ Parental Control Settings ഉപയോഗപ്പെടുത്തുക. ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ് Parental Control Settings. കുട്ടികൾക്ക് ഓൺലൈനിൽ കാണാൻ പാടില്ലാത്തതായ കാര്യങ്ങളിൽ നിന്ന് അവർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു.

ഫോണിൽ മാത്രമല്ല ഒട്ടുമിക്ക സമൂഹ മാധ്യമ ദാതാക്കളും അവരുടെ വെബ്സൈറ്റ്/ആപ്പ് എന്നിവയിൽ കുട്ടികളെ സുരക്ഷിതരാക്കാനായി parental control സേവനം നൽകുന്നുണ്ട്.

കുട്ടികൾ എന്തൊക്കെ കാണണം എന്തൊക്കെ സെർച്ച് ചെയ്യണം ഏതൊക്കെ ആപ്പുകൾ / സോഫ്ട്‍വെയറുകൾ ഉപയോഗിക്കണം എന്നൊക്കെ മാതാപിതാക്കൾക്ക് തീരുമാനിക്കാൻ ഈ സെറ്റിംഗ്സ് സഹായിക്കുന്നു. കുട്ടിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വെബ്സൈറ്റ് ഉള്ളടക്കത്തെ ഈ സെറ്റിംഗ്സ് ഫിൽറ്റർ ചെയ്യുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here