ലക്‌നൗ: ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി. ആകെയുളള 75 സീറ്റുകളിൽ 67 സീറ്റുകളിലും ബിജെപിയുടെയും എൻഡിഎയുടെയും സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇതിൽ ബിജെപി നേരിട്ട് മത്സരിച്ച 53 സീറ്റുകളിൽ 46 ലും പാർട്ടി വിജയക്കൊടി പാറിച്ചു. സമാജ് വാദി പാർട്ടിയെ അപ്രസക്തമാക്കുന്നതാണ് ബിജെപിയുടെ വിജയം. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് വലിയ ഊർജ്ജം നൽകുന്നതാണ് വിജയം

അയോദ്ധ്യയിലും മഥുരയിലും ബിജെപിക്ക് മികച്ച വിജയമായിരുന്നു ലഭിച്ചത്. വരണാസിയിലും ഗോരഖ്പൂരിലും 21 സീറ്റുകളിൽ എതിരില്ലാതെയായിരുന്നു ബിജെപി സ്ഥാനാർത്ഥികളുടെ വിജയം. പിന്തുണയ്ക്ക് ബിജെപി സംസ്ഥാന ഘടകം നന്ദി അറിയിച്ചു.

ബിജെപിക്ക് ചരിത്ര വിജയം നൽകിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പാർട്ടി അഭിനന്ദനവും അറിയിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ പൊതുജനകേന്ദ്രീകൃതമായ നയങ്ങളും നടപടികളുമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അഖിലേഷ് യാദവിനെയും സമാജ് വാദി പാർട്ടിയെയും കടുത്ത ഭാഷയിലാണ് ബിജെപി കടന്നാക്രമിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും അഴിമതിയുമാണ് സമാജ് വാദി പാർട്ടിയുടെ അടിസ്ഥാന സ്വഭാവമെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

ആരോപണങ്ങളിൽ നിന്ന് പുറത്തുവന്ന് യാഥാർത്ഥ്യത്തെ അംഗീകരിക്കുകയാണ് അഖിലേഷ് യാദവ് ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ജനങ്ങൾക്കും കഠിനാധ്വാനികളായ ബിജെപി പ്രവർത്തകർക്കും നന്ദി പറയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here