ആലുവ: ഓണാഘോഷത്തിന് ഓണക്കോടി ഉടുത്ത് പൂക്കളമിടാൻ സിവിൽ പോലീസ് ഓഫീസർ അജീഷ് പോളും. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ അജീഷ് പോളാണ് ആലുവ രാജഗിരി ആശുപത്രിയിലെ രണ്ടാം ഘട്ട ചികിത്സയ്ക്കിടെ ഓണാഘോഷത്തിൽ പങ്കാളിയായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അജീഷ് 24 ദിവസത്തെ ആദ്യഘട്ട ചികിത്സയ്ക്കു ശേഷം ജൂണിൽ ആശുപത്രി വിട്ടിരുന്നു.

ആദ്യ ശസ്ത്രക്രിയയിൽ അജീഷിന്റെ പൊടിഞ്ഞു പോയ തലയോട്ടിയുടെ ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു. ബാക്കി ചെറിയൊരു ഭാഗം അജീഷിന്റെ ശരീരത്തിൽ തന്നെ സൂക്ഷിച്ചുവെച്ചു. പരിക്കേറ്റ തലയോട്ടിയെ പുനർ നിർമിക്കുന്ന ക്രേനിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് അദ്ദേഹം കഴിഞ്ഞയാഴ്ച വിധേയനായി. അക്രമത്തിൽ തകർന്ന തലയോട്ടിയുടെ ഭാഗങ്ങൾ 3ഡി പ്രിന്റിങ് എന്ന സാങ്കേതികവിദ്യയിലൂടെ പുനർ നിർമിച്ചാണ് സ്ഥാപിച്ചത്. രാജഗിരി ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ജഗത് ലാൽ, ഡോ. ജോ മാർഷൽ ലിയോ, ഡോ. മനോജ് നാരായണപ്പണിക്കർ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

രണ്ടാംഘട്ട ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനു മുൻപാണ് ഓണക്കോടി ധരിച്ച് ആശുപത്രിയിൽ പൂക്കളമൊരുക്കാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം അജീഷും ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here