കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നിപ ചികിത്സയ്ക്കായുള്ള സംവിധാനങ്ങള്‍ മന്ത്രി ചര്‍ച്ച നടത്തി. നിപ രോഗികളുടെ പരിചരണവും ചികിത്സയും സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് കൂടി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നിപയോടൊപ്പം തന്നെ കോവിഡും നോണ്‍ കോവിഡും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം വരാതിരിക്കാനായി വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തണം. ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനങ്ങള്‍ നല്‍കാനും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയ നിപ ലാബിന്റെ പ്രവര്‍ത്തന ക്രമീകരണങ്ങള്‍ പ്രത്യേകം വിലയിരുത്തി. എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി. അതിവേഗം നിപ ലാബ് സജ്ജമാക്കി പരിശോധനയാരംഭിച്ച സംഘത്തെ മന്ത്രി അഭിനന്ദിച്ചു. സാമ്പിള്‍ ശേഖരം മുതല്‍ പ്രത്യേക സുരക്ഷയും കരുതലും എല്ലാവരും സ്വീകരിക്കേണ്ടതാണെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതുകൂടാതെ മെഡിക്കല്‍ കോളേജിന്റെ വികസനം സംബന്ധിച്ച് പ്രത്യേക യോഗവും മന്ത്രി വിളിച്ചുകൂട്ടി. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കാത്ത് ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രാധാന്യം നല്‍കണം. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം എത്രയും വേഗം സജ്ജീകരിക്കണം. വിദഗ്ധ ഡോക്ടര്‍മാരും ഉയര്‍ന്ന ചികിത്സാ സംവിധാനവുമുള്ള മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ പരിശ്രമിക്കണം. ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here