ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാൻ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ചേർന്ന ജി 20 അസാധാരണ ഉച്ചകോടിയിൽ വെർച്വലായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാൻ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തീവ്രവാദത്തിനും ഭീകരവാദത്തിനും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ മേഖലയിലെ സംയുക്ത പോരാട്ടം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്‌ട്രസഭയുടെ സുപ്രധാന പങ്കിനും പ്രധാനമന്ത്രി പിന്തുണ അറിയിച്ചു.

നിലവിൽ ജി 20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇറ്റലിയാണ് യോഗം വിളിച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ, അവിടത്തെ സ്ഥിതിഗതികൾ, ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.

അഫ്ഗാൻ ജനതയ്‌ക്ക് ഇന്ത്യയോട് വലിയ സൗഹൃദമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അഫ്ഗാനിലെ യുവജങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ
നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. 500 ഓളം വികസന പദ്ധതികൾ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന് അടിയന്തിരമായി മാനുഷിക സഹായം തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്‌ട്ര സമൂഹം ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here