കൊച്ചി: നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ കോൺഗ്രസ് നേതാക്കൾ ജോജുവിനെതിരേ ഉന്നയിച്ച ആരോപണം പൊളിഞ്ഞു. ജോജു മദ്യലഹരിയിലാണ് സമരക്കാർക്കെതിരേ തിരിഞ്ഞതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.

അതിനിടെ, ജോജു വനിതാ പ്രവർത്തകരെ കയറിപിടിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യത്തിൽ പരാതി എഴുതിനൽകിയിട്ടുണ്ടെന്നും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സഭ്യമായരീതിയിലല്ല ജോജു ജോർജ് പ്രതികരിച്ചത്. മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്റ്റൈൽ ഷോയാണ് നടത്തിയത്. വനിതാപ്രവർത്തകരെ അസഭ്യം പറയുകയും കടന്നുപിടിക്കാനും ശ്രമിച്ചു. അദ്ദേഹം മദ്യപിച്ചിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. വാഹനത്തിൽ മദ്യക്കുപ്പിയുണ്ടായിരുന്നു. അദ്ദേഹത്തിന് മാന്യമായി പ്രതികരിക്കാമെന്നും എന്നാൽ സിനിമാസ്റ്റൈൽ ഷോ കോൺഗ്രസിനോട് വേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിന്റെ പ്രകടനം ജനം വിലയിരുത്തട്ടെയെന്നും മാന്യമായി നടത്തിയ സമരത്തിൽ 1500-ലേറെ പേരാണ് വാഹനങ്ങളുമായി പങ്കെടുത്തതെന്നും ആർക്കെങ്കിലും അസൗകര്യമുണ്ടായെങ്കിൽ മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗതാഗതം തടസപ്പെടുത്തി കോൺഗ്രസ് നടത്തിയ സമരത്തിനെതിരേ ജോജു അടക്കമുള്ളവർ പ്രതിഷേധിച്ചതോടെയാണ് കൊച്ചിയിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഇന്ധനവില വർധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് കോൺഗ്രസുകാർ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതൽ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി. ഇതിനിടെയാണ് നടൻ ജോജു ജോർജ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു വാഹനത്തിൽനിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. ‘ഇത് ഗുണ്ടായിസമാണ്. ഞാൻ മാത്രമല്ല, ഒരുപാട് പേരാണ് കുടുങ്ങികിടക്കുന്നത്. ഞാൻ പറഞ്ഞന്നേയുള്ളൂ. വയ്യാത്ത കുട്ടികളടക്കം ഈ വാഹനങ്ങളിലുണ്ട്. ഇത്രയും നേരം എസിയിട്ട് കാറിലിരിക്കാൻ പറ്റുമോ’- ജോജു ചോദിച്ചു. നടനൊപ്പം മറ്റുചിലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനുപിന്നാലെയാണ് ജോജുവും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കറ്റമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here