കൊച്ചി: ആലുവയിലും പരിസരങ്ങളിലും വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായി. അസ്സം സ്വദേശി ഇംദാദുൾ ഹക്ക് (29) എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനുമായി പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 3 ഗ്രാം ഹെറോയിൽ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്കിടയിൽ ” സ്നോ ബോൾ ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് ആവശ്യക്കാർ ഏറെയാണ്. രണ്ട് മില്ലിഗ്രാം ഹെറോയിന് 3000 രൂപയാണ് ഇടാക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി അധികൃതർ അറിയിച്ചു. ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. അസ്സാമിലെ ഗുവഹത്തിലുള്ള ലഹരി മാഫിയ സംഘങ്ങളിൽ നിന്നാണ് ഇയാൾ മയക്ക് മരുന്ന് കേരളത്തിൽ എത്തിക്കുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ ഇതിന്റെ രാസ ലഹരി മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ നിശാ പാർട്ടികൾക്കും മറ്റും ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ക്ഷീണം, തളർച്ച എന്നിവ കൂടാതെ കൂടുതൽ ഉന്മേഷത്തോടു കൂടി ഡി ജെ പാർട്ടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു എന്നതാണ് ഇതിന് പ്രിയം ഏറാൻ കാരണം. എന്നാൽ ഇതിന്റെ ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് മയക്ക് മരുന്നുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാൾ ആലുവ റേഞ്ച് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്ക് മരുന്ന് കൈമാറുന്നതിന് വേണ്ടി ആലുവ മാറമ്പിള്ളിക്ക് സമീപം നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്ന് മയക്ക് മരുന്നുകൾ വാങ്ങുന്ന ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും, മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റിന്റെ സാദ്ധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ഇൻസ്പെക്ടർ ആർ. അജിരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ടി.വി.ജോൺസൻ ഷാഡോ ടീം അംഗങ്ങളായ എൻ ഡി ടോമി, എൻ ജി അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ രജിത്ത് ആർ നായർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here