ആലുവ: നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയനായ സി.ഐ.സുധീറിനെതിരെ നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ. ഇയാളെ സസ്‌പെൻഡ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസിന്റെ സമരം ഇപ്പോഴും തുടരുകയാണ്. ആലുവ സ്റ്റേഷന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുപ്പ് സമരം നടത്തുന്നത്. സി.ഐ.സുധീറിനെതിരെ നടപടി വരും വരെ സമരം തുടരുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. മോഫിയയുടെ മാതാപിതാക്കളും സമരസ്ഥലത്തെത്തിയിട്ടുണ്ട്.സി.ഐക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.രാഷ്ട്രീയ ഇടപെടൽ നടന്നതായും ,പ്രതികൾക്കൊപ്പം ഒരു രാഷ്ട്രീയ നേതാവും അന്ന് സ്റ്റേഷനിലുണ്ടായിരുന്നു എന്നും അവർ ആരോപിച്ചു.

രാവിലെ പതിനൊന്നു മണിക്ക് ആലുവ എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.ഇതേ തുടർന്ന്നഗരം പോലീസ് വലയത്തിലായി. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.സീനത്ത് ജംഗ്ഷൻ മുതൽ എസ്.പി ഓഫീസ് വരെയുള്ള റോഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.

 

നിലവിൽ കേസിൽ സി.ഐയ്ക്ക് താത്കാലിക സ്ഥലംമാറ്റം മാത്രമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഹെഡ് ക്വാട്ടേർസിലേക്കാണു സ്ഥലംമാറ്റിയത്. കേസിൽ എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്‌ക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഉന്നത രാഷ്‌ട്രീയ ഇടപെടൽ കാരണമാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതെന്ന് മോഫിയയുടെ പിതാവ് ആരോപിച്ചു. അതേസമയം സി.ഐ.സുധീറിനെതിരെ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടും സുധീറിനെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്നാണ് പ്രധാന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here