കോട്ടയം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യവേയാണ് മാദ്ധ്യമങ്ങളെ പിണറായി വിജയൻ വിമർശിച്ചത്.

ഇന്നത്തെ ചില മാദ്ധ്യമങ്ങൾ മൊത്തം വാർത്തകളിൽ എത്ര ശതമാനമാകും ചില വാർത്തകൾക്ക് കൊടുത്തതെന്ന് നോക്ക്. ഇത്തരം വാർത്തകളിലൂടെ ആളുകളെയാകെ മായാവലയത്തിൽ ആക്കിക്കളയാമെന്നും അങ്ങനെ എൽഡിഎഫ് സർക്കാരിനെ വളരെ പുശ്ചത്തോടെ ആളുകൾ കാണുന്ന സാഹചര്യം ഒരുക്കാം എന്നതാണോ ധാരണയെന്ന് പിണറായി ചോദിച്ചു. ഇത് സാധാരണഗതിയിൽ വിശ്വാസ്യതയ്‌ക്ക്ചേർന്നതാണോയെന്ന്  മാദ്ധ്യമങ്ങൾ സ്വയം പരിശോധിക്കണം.

അതിനുളള സമയം അതിക്രമിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും വിധികർത്താക്കൾ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനം നടത്താനും അദ്ദേഹം മറന്നില്ല.

അവര് ഏത് തരത്തിലുളള പിപ്പിടി കാട്ടിയാലും അതൊന്നും ഇങ്ങോട്ട് ഏശില്ല കേട്ടോ. ഞങ്ങൾക്ക് ജനങ്ങളെ പൂർണ വിശ്വാസമുണ്ട്. പരിഹാസ്യമായ നിലപാട് എടുത്ത് പോകുമ്പോൾ അത് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയുമെന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ. കഴിഞ്ഞ സർക്കാരിനെ താഴെയിറക്കാനും സമാനമായ പ്രചാരണങ്ങൾ നടത്തിയെന്നും ഒടുവിൽ ജനങ്ങൾ ഈ സർക്കാരിനെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.

നുണ പ്രചാരണത്തിന്റെ മലവെളളപ്പാച്ചിലായിരുന്നു 2021 ൽ നടന്നത്. അത് പ്രചരിപ്പിക്കാൻ 24 മണിക്കൂറും നാട്ടിലെ നല്ലൊരു ഭാഗം പത്ര, ദൃശ്യ മാദ്ധ്യമങ്ങളും രംഗത്ത് വന്നു. എൽഡിഎഫ് തീർന്നുവെന്നാണ് ഇവർ കണക്കാക്കിയത്. കേന്ദ്ര ഭരണത്തിലുളളവരും ഇവിടെ ഭരണം ആഗ്രഹിക്കുന്നവരും വലിയ സന്നാഹമൊരുക്കിയതായും അതിലൂടെ വലിയ പടയൊരുക്കം നടത്തിയതായും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here