കൊച്ചി: ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫറും പൾസർ സുനിയുടെ സഹ തടവുകാരനും.പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ ആണ് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ തള്ളുന്നത്. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്നാണ് കേസിലെ സാക്ഷി കൂടിയായ ജിൻസൺ പറയുന്നത്. സുനി കാര്യങ്ങൾ  പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ പറയുന്നത്.

കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിലിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ട്. അത് വിചാരണഘട്ടത്തിൽ കാണിച്ചതാണെന്നും സാക്ഷി കൂടിയായ ജിൻസൺ വിശദീകരിച്ചു. ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. 300 രൂപയുടെ മണിയോഡർ എന്ന കത്തിലെ പരാമർശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്ന് സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് ആ 300 രൂപ മണിയോഡർ സൂചിപ്പിച്ചത്. ജയിലിൽ വെച്ച് ഫോൺ നാലോ അഞ്ചോ ദിവസം കയ്യിലുണ്ടായിരുന്നു. മറ്റൊരു തടവുകാരൻ വഴി ചെരിപ്പിനുള്ളിൽ  ഒളിപ്പിച്ചാണ് ഫോൺ സുനിക്ക് ലഭിച്ചതെന്നും ജിൻസൺ പറഞ്ഞു.

ഫോട്ടോ ഒറിജിനൽ എന്നാണ് ഫോട്ടോഗ്രാഫർ തൃശ്ശൂർ പുല്ലഴി സ്വദേശി ബിദിൽ പറയുന്നത്.  ഫോട്ടോയിൽ കൃത്രിമം നടന്നിട്ടില്ല. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോ ഒറിജിനൽ ആണ്. ഫോട്ടോ ഫോണിലാണ് എടുത്തത്. ഫോട്ടോ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഫോട്ടോഗ്രാഫർ ബിദിൽ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here