തൃശൂർ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ച നാല് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ. കഞ്ചാവും എംഡിഎംയും ഉപയോഗിച്ച് വാഹനമോടിച്ചവരാണ് പിടിയിലായത്. തൃശൂർ കെഎസ്ആർടസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഡ്രൈവർമാരെ പിടികൂടിയത്. ലഹരിയുടെ അംശവും സാന്നിധ്യവും കണ്ടെത്താൻ സഹായിക്കുന്ന എബോൺ ടെസ്റ്റ് വഴിയാണ് ഇവർ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ഏഴ് പേരെ പരിശോധിച്ചതിൽ നാല് പേരും കഞ്ചാവ് ഉപയോഗിച്ചിരുന്നതായിവ്യക്തമായി. തൃശൂർ സിറ്റി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംശയം തോന്നിയവരെ പിടികൂടി എബോൺ ടെസ്റ്റ് നടത്തുകയായിരുന്നു. ഒരു ഓട്ടോ ഡ്രൈവർ കഞ്ചാവും എംഡിഎംഎയുംഉപയോഗിച്ചതായി കണ്ടെത്തി. മറ്റ് മൂന്ന്പേരും കഞ്ചാവ് മാത്രമാണ്ഉപയോഗിച്ചിട്ടുള്ളത്.

എബോൺ ടെസ്റ്റ് നടത്തുന്നത് വഴി ഏത് തരത്തിലുള്ള മയക്കുമരുന്നാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നതാണ്. എല്ലാ തരത്തിലുള്ള മയക്കുമരുന്നിന്റെ സാന്നിധ്യവും ഇതിലൂടെ തിരിച്ചറിയാനാകും. ടെസ്റ്റിന് വിധേയമാകുന്നവരുടെ മൂത്രം ഉപയോഗിച്ചാണ് കിറ്റിൽ പരിശോധന നടത്തുക. 15 മിനിറ്റിനുള്ളിൽ തന്നെ ഫലം ലഭിക്കുന്നതാണ്. ടെസ്റ്റ് കിറ്റിൽ ലഹരി വസ്തുവിന് നേരെയുള്ള റെഡ് ലൈൻ തെളിയുന്നുണ്ടോ ഇല്ലയോ എന്നുള്ളതിന് അനുസരിച്ചാണ് ലഹരി ഉപഭോഗം അളക്കുക.

ബസ്, ഓട്ടോ ഡ്രൈവർമാർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നൂതന ടെസ്റ്റ് കിറ്റ് ഉപയോഗപ്പെടുത്താൻ പോലീസ് നീക്കമുണ്ടായത്. മേഖലയിൽ തുടർന്നും പരിശോധനയുണ്ടാകുമെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here