കോഴിക്കോട്: മാറുന്ന കാലത്തിലേയ്ക്ക്പിടിച്ച കണ്ണാടിയാണ് സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സമൂഹ്യവിമർശനത്തിന്റെയുംനവീകരണത്തിന്റെയും ഭാഗമാകുന്നതിനായിപുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണ്.എല്ലാ മത്സരാർത്ഥികൾക്കും കലോത്സവത്തിൽ വിജയിക്കാൻ സാധിക്കില്ല. വിജയിക്കുന്നതിലല്ല, പങ്കെടുക്കുന്നതിലാണ് കാര്യമെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയുക എന്നതു തന്നെ തങ്ങൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് കരുതുന്ന സംസ്കാരം കുട്ടികൾ വളർത്തി എടുക്കണം. കുട്ടികളോടൊപ്പം രക്ഷിതാക്കളും ആ സംസ്കാരം പൂർണ്ണമായി ഉൾക്കൊള്ളണം. രക്ഷിതാക്കൾ അനാവശ്യമായി മത്സരപ്രവണത കാണിക്കുന്നു എന്ന പരാതി കഴിഞ്ഞ കാലത്ത് ഉയർന്നു വന്നിരുന്നു. കുട്ടികൾ അവരുടെ സർഗവാസനകൾ വേദികളിൽ അവതരിപ്പിക്കട്ടെ, അതു കണ്ട് രക്ഷിതാക്കൾ മനം കുളിർക്കുക. മത്സരിക്കുന്ന എല്ലാ കുട്ടികളെയും സ്വന്തം കുട്ടിയായി കാണാൻ രക്ഷിതാക്കൾ ശ്രമിക്കണം. ഉയർന്ന ചിന്തയോടെ രക്ഷിതാക്കൾക്ക് കലോത്സവത്തെ സമീപിക്കാനാകണം.

പൊതുസമൂഹത്തിൽ വലിയ പ്രചാരവും സ്വീകാര്യവുമുള്ള കലകൾ മാത്രമല്ല, പ്രാദേശിക കലാരൂപങ്ങളും നാടൻ കലാരൂപങ്ങളും കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തിന്റെ കൃത്യമായ പരിച്ഛേദമായിരിക്കും കലോത്സവ വേദിയിൽ ഇനിയുള്ള ദിനരാത്രങ്ങളിൽ തെളിയുക. മഹാമാരിയുടെ ആഘാതം കാരണം കഴിഞ്ഞ കുറച്ചു കാലങ്ങളിലായി കേരളത്തിന്റെ സാംസ്കാരിക കൂട്ടായ്മകളെല്ലാം നിയന്ത്രണങ്ങളോട് കൂടിയാണ് അരങ്ങേറിയത്. ഈ വർഷത്തെ കലോത്സവത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കലോത്സവം മികച്ചതാകാൻ ആശംസിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here