കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കേസിൽ ശരിയായ പ്രതികളാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഒരു വിധത്തിലുള്ള അന്വേഷണവും പാർട്ടി ഭയക്കുന്നില്ല, അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേസിൽ ആകാശ് തില്ലങ്കേരിയുടെ ആരോപണം തളിയ ജയരാജൻ മാപ്പ് സാക്ഷിയാകാനുളള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും കൊലപാതകം നടത്തി എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കണമെന്നും സിപിഎം നേതാവ് ആവശ്യപ്പെട്ടു. ക്വട്ടേഷൻ രാജാവാണ് ആകാശ് തില്ലങ്കേരി. ക്വട്ടേഷൻ, കൊല നടത്തിയതായി സ്വയം അവകാശപ്പെടുന്നു. ഏത് നേതാവാണ് കൊല നടത്താൻ ആവശ്യപ്പെട്ടതെന്ന് ആകാശ് വ്യക്തമാക്കണമെന്ന് എം വി ജയരാജൻ ചോദിച്ചു. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ കാപ്പ അടക്കം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ഒരു ക്വട്ടേഷൻ സംഘത്തിനും പാർട്ടിയുടെ സഹായം കിട്ടിയിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി.

ഷുഹൈബ് വധക്കേസിൽ പാർട്ടി നേതൃത്വത്തിന് തലവേദനയായി മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ജില്ലയിലെ സിപിഎം നേതൃത്വത്തിൽ നിന്നും പ്രതികരണമുണ്ടായത്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സരീഷ്, ആകാശ് തില്ലങ്കേരിക്കെതിരായിട്ട ഫേസ്ബുക്ക് പോസ്റ്റിലെ മറുപടിയിലാണ് എടക്കാട് ഷുഹൈബ് വധക്കേസിൽ പാർട്ടി നേതൃത്വത്തെ പ്രതിസ്ഥാനത്താക്കുന്ന ആരോപണവുമായി ആകാശ് രംഗത്തെത്തിയത്.

ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് നല്ല ജോലി ലഭിച്ചെന്നും അത് നടപ്പാക്കിയവർക്ക്പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്നാണ് ആകാശ് പറയുന്നത്.പാർട്ടി തളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നത്.’ ആകാശ് പറയുന്നു.പാർട്ടി സംരക്ഷിക്കാതിരുന്നപ്പോഴാണ് തെറ്റായ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. ആത്മഹത്യ മാത്രം മുന്നിൽ അവശേഷിച്ചപ്പോഴാണ് പലവഴി സഞ്ചരിക്കേണ്ടി വന്നത്. പാർട്ടിയിലെ ഊതിവീർപ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്നാണ് ആകാശ് തില്ലങ്കേരി പറയുന്നത്.

പോസ്റ്റിൽ കമന്റ് ചെയ്തതിന് പിന്നാലെ ആകാശ് തില്ലങ്കേരിയ്ക്കെതിരെ മട്ടന്നൂരിലെ പാർട്ടി നേതാക്കളെ തേജോവധം ചെയ്യുന്നെന്ന പേരിൽ പരാതി സിപിഎമ്മിൽ ലഭിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു. ആകാശിന്റെ ക്വട്ടേഷൻ ബന്ധത്തെ ചോദ്യംചെയ്തതാണ് പ്രശ്നകാരണമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here