തിരുവനന്തപുരത്ത് പൂന്തുറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ നടന്ന പോലീസ് അതിക്രമത്തില്‍ യുവാവിനു ഗുരുതര പരുക്ക്.  രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പാച്ചല്ലൂര്‍ കൊല്ലന്തറ സ്വദേശിയായ ശരത്തിനാണ് ഗുരുതര പരുക്കേറ്റത്. വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോയതാണ് പ്രശ്നമായത്. പോലീസ് ബൈക്ക് പിറകില്‍ നിന്നും പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം തെറ്റി റോഡിലേക്ക് വീണ യുവാവിനു പിറകില്‍ നിന്നും വന്ന കാറിടിച്ചാണ് ഗുരുതര പരുക്കേറ്റത്.

കഴുത്ത് ഭാഗികമായി വേര്‍പ്പെട്ട അവസ്ഥയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു ശരത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.  ഐസിയുവില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. തമ്പാനൂരില്‍ നിന്നും പെയിന്റിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശരത്.  പാച്ചല്ലൂര്‍ കൊല്ലന്തറ സ്വദേശിയായ ശരത്  കൊല്ലന്തറ ജയകുമാറിന്റെയും രത്നമ്മയുടെ മകനാണ്.

യുവാവിനെ കാറിടിച്ചത് കണ്ടപ്പോള്‍ . നാട്ടുകാര്‍ പ്രതിഷേധിക്കുകയും പൂന്തുറ പോലീസിന്റെ വാഹനം തടയുകയും ചെയ്തിരുന്നു. പോലീസ് ജീപ്പില്‍ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുന്നാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്.

പൂന്തുറ പോലീസ്  മെഡിക്കല്‍ കോളേജില്‍ വരുകയും ശരത്തിന് ഒപ്പമുണ്ടായിരുന്നവരെ ചീത്ത വിളിച്ച് മടങ്ങിയതായി ശരത്തിന്റെ സുഹൃത്തുക്കള്‍  പറഞ്ഞു. പോലീസുകാര്‍ മുങ്ങിയതായും സുഹൃത്തുക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here