തിരുവനന്തപുരം മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തു. അഞ്ചുതെങ്ങ് പൊലീസാണ് ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനും റോഡ് ഉപരോധത്തിനുമായി രണ്ട് കേസുകളാണ് എടുത്തത്.

ഉച്ചയോടെ അപകടസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ ആന്റണി രാജു വി ശിവന്‍കുട്ടി ജി ആര്‍ അനില്‍ എന്നിവരെ ഫാദര്‍ യൂജിന്‍ പരേരയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തടയുകയായിരുന്നു. മന്ത്രിമാരെത്തിയത് മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാന്‍ ആണെന്നും സിപിഎം നേതാക്കളുടെ സംരക്ഷണ വലയത്തിലാണ് അവര്‍ എത്തിയതെന്നും യുജിന്‍ പെരേര ആരോപിച്ചിരുന്നു.

പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന് മൂന്ന് മന്ത്രിമാരും പ്രസ്താവനയിലൂടെ അറിയിച്ചു. വിഴിഞ്ഞം സമരം നിര്‍ത്തി വെക്കേണ്ടി വന്ന പ്രതികാരമാണ് യൂജിന്‍ പെരേര ഇന്ന് മന്ത്രിമാരോട് കാണിച്ചതെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. എന്നാല്‍ മുതലപ്പൊഴിയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചത് മന്ത്രിമാരാണെന്നും ഫാദര്‍ യൂജിന്‍ പെരേരയ്ക്ക് എതിരായ മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വമെന്നും വി.ഡി സതീശന്‍ പറഞ്ഞു. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടത്തില്‍ പ്രതിഷേധിച്ച് പെരുമാതുറ മുതലപ്പൊഴി പാലവും പുതുക്കുറിച്ചി റോഡും മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here