ശ്രീകാര്യം : ബിജെപി നേതാവിന്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാങ്ങപ്പാറ സ്വദേശി അമൽ (20) ആണ് പിടിയിലായത്. ഒരാഴ്ചയ്ക്കകം രണ്ട് തവണയാണ് അമൽ ബിജെപി നേതാവിന്റെ വാഹനം അഗ്നിയ്ക്കിരയാക്കിയത്.
ബിജെപി കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറിയായ കുറ്റിച്ചൽ സുനിലിന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ചയായിരുന്നു ഇയാൾ ബിജെപി നേതാവിന്റെ കാർ വീണ്ടും കത്തിച്ചത്. ഇതിന് മൂന്ന് ദിവസം മുൻപും അമൽ ഇതേ വാഹനം കത്തിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതിനിടെ ബിജെപി നേതാവിന്റെ വീടിന് സമീപം താമസിക്കുന്ന ടെക്നോ പാർക്ക് ജീവനക്കാരന്റെ ബൈക്കും അമൽ കത്തിച്ചിരുന്നു.
ചെരുപ്പിൽ തീ പിടിപ്പിച്ചാണ് ഇയാൾ വാഹനങ്ങൾ കത്തിച്ചതെന്ന് പോലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.