കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം: അറിവുകള്‍ കര്‍ഷകരിലേക്ക് എത്തുന്നില്ല; ഖജനാവില്‍ നിന്നും ചോരുന്നത് കോടികള്‍

0
336

കാസര്‍ഗോഡ് : കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കണ്ടെത്തുന്ന അറിവുകള്‍ കര്‍ഷകരിലേക്ക് എത്താത്തതിലൂടെ നഷ്ടമാകുന്നത് സര്‍ക്കാരിന്റെ കോടികള്‍. വര്‍ഷങ്ങളുടെ ശ്രമഫലമായി കണ്ടെത്തിയ സ്‌നോ ബോള്‍ തണ്ടര്‍ നെട്ട് മിഷന്‍, കൊപ്ര ഡ്രയര്‍, ഇളനീര്‍ കട്ടിങ്ങ് മെഷീന്‍, മണ്ണിര വളം എന്നീ പല ഗവേഷണങ്ങളും കണ്ടെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും കര്‍ഷകരിലേക്കും മാര്‍ക്കറ്റിലേക്കും എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായിട്ടും പല ഗവേഷണങ്ങളും കാസര്‍ഗോട്ട് സ്ഥാപനം സ്ഥിതി ചെയ്യുന്നതിന്റെ പരിസരപ്രദേശങ്ങളിലുള്ള പഞ്ചായത്തുകളിലേക്ക് മാത്രമെ അധികൃതര്‍ക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. തേങ്ങയ്ക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ് ഉണ്ടാക്കുന്ന രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ പറ്റുന്ന കോക്കനട്ട് ചിപ്‌സ് നിര്‍മ്മാണ യൂണിറ്റിന് ആകെ ഒന്നര ലക്ഷം രൂപ മാത്രമെ മുതല്‍ മുടക്ക് വരികയുള്ളൂ. നിരവധി തൊഴില്‍രഹിതര്‍ ഉണ്ടായിട്ടും ഇത് വേണ്ടത്ര പ്രചാരം നല്‍കി യുവാക്കളിലേക്ക് എത്തിക്കുവാന്‍ ഗവേഷണ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല.
അതുപോലെ തന്നെ ഐസ്‌ക്രീമിനെ വെല്ലുന്ന രീതിയില്‍ ഇളനീരിനെ പൊട്ടാത്ത രീതിയില്‍ ചിരട്ടയില്‍ നിന്നും മാറ്റിയെടുക്കുന്ന പ്രത്യേകതരം മെഷീന്‍ കണ്ടെത്തിയിട്ടും ഇതും വിപണിയിലേക്ക് വേണ്ടത്ര പ്രചാരത്തോടെ അധികൃതര്‍ക്ക് എത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഒരു യൂണിറ്റ് ആരംഭിക്കുന്നതിന് രണ്ട് ലക്ഷം രൂപയാണ് മുടക്ക് മുതല്‍.
മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ഗുണനിലവാരമുള്ള കൊപ്ര ഉണ്ടാക്കുന്നതിന് കേന്ദ്രം കണ്ടെത്തിയ കൊപ്ര ഡ്രയര്‍ ചെറിയ മുതല്‍ മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന യൂണിറ്റ് ആണെങ്കിലും ഇത് കര്‍ഷകരിലേക്ക് എത്തിയിട്ടില്ല. തെങ്ങിന്‍ തോട്ടത്തില്‍ നശിച്ചു പോകുന്ന തെങ്ങോലകളെ മണ്ണിര വളമാക്കി മാറ്റുവാനും കേന്ദ്രം ടെക്‌നോളജി കണ്ടെത്തിയെങ്കിലും ഇതും പ്രചാരം ലഭിക്കാതെ തെങ്ങിന്‍ തോട്ടങ്ങളില്‍ തെങ്ങോല നശിച്ചു പോകുകയാണ്.
ഗവേഷണങ്ങള്‍ക്കായി കേന്ദ്രം കോടികള്‍ ഓരോ വര്‍ഷം ചിലവഴിക്കുമ്പോഴും സസ്യസംരക്ഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കണ്ടെത്തലുകള്‍ കുറെ വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മണ്ഡരിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായി നാഷണല്‍ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി പ്രൊജക്ടിന്റെ കീഴില്‍ സി.പി.സി.ആര്‍.ഐ ലക്ഷങ്ങളാണ് ഓരോവര്‍ഷവും ചിലവഴിക്കുന്നത്. എന്നാല്‍ ഗവേഷണങ്ങളില്‍ മണ്ഡരി നിയന്ത്രണത്തിന് ഫലപ്രദമായ ഒരു മാര്‍ഗ്ഗവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഒരു കാലത്ത് എന്‍ഡോസള്‍ഫാന്‍ പച്ചക്കറി കൃഷികള്‍ക്ക് പോലും ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്ന സി.പി.സി.ആര്‍.ഐ മണ്ഡരിയുടെ കാര്യത്തില്‍ മാത്രം ജൈവ കീടനാശിനിയെ പ്രോത്സാഹിപ്പിക്കുന്നത് മറ്റു അജൈവ കീടനാശിനികള്‍ കണ്ടെത്താത്തതു കൊണ്ടാണെന്ന് പറയപ്പെടുന്നു. മണ്ഡരി ഗവേഷണത്തില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല ഫലപ്രദമായ പ്രതിരോധ കീടനാശിനി കണ്ടെത്തിയിട്ടുണ്ടെങ്കിലും തെങ്ങിന് മാത്രമായുള്ള ഈ ഗവേഷണകേന്ദ്രത്തില്‍ ഇതുവരെ ഫലപ്രദമായ കീടനാശിനി കണ്ടെത്താന്‍ കഴിയാത്തത് ഗവേഷണകേന്ദ്രത്തിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നു. ജൈവ കീടനാശിനി കണ്ടെത്തിയതായി പറയുന്ന ഗവേഷണ കേന്ദ്രത്തിലെ തെങ്ങുകളില്‍ പോലും ഇത് തളിക്കാറില്ലെന്ന് വ്യക്തം. കേന്ദ്രത്തിലെ തെങ്ങുകളില്‍ ഭൂരിഭാഗവും മണ്ഡരി ബാധിച്ച തേങ്ങാക്കുലകളാണ് കാണാന്‍ കഴിയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ഗവേഷണ കേന്ദ്രത്തില്‍ പ്രധാനമായും തെങ്ങിന്റെയും കവുങ്ങിന്റെയും പുതിയ ഇനങ്ങള്‍,കീടനിയന്ത്രണം, പരിപാലനം എന്നിവയെ കുറിച്ചാണ് ഗവേഷണം.
കേന്ദ്രത്തില്‍ 30 ശാസ്ത്രജ്ഞന്‍മാരും 65 ഓളം ടെക്‌നിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ 200 ഓളം സ്ഥിരം ജീവനക്കാര്‍ തന്നെയുണ്ട്. ഇതിനു പുറമെ ഇതില്‍ കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാര്‍ക്ക് മാത്രം ഒരു മാസത്തില്‍ മുന്ന് കോടിയോളം രൂപ ശമ്പളം നല്‍കുന്നതിന് മാത്രം ചിലവുള്ള ഈ ഗവേഷണ കേന്ദ്രത്തില്‍ അടുത്തിടെയായി പ്രധാന ഗവേഷണങ്ങളൊന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here