രാമന്തളി മാലിന്യപ്ലാന്റിനുള്ള സ്ഥലം കണ്ടെത്തി

0
39

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിന ജലം രാമന്തളി ജനവാസ കേന്ദ്രത്തിലെ കിണറുകളിലേക്ക് ഒഴുകി എത്തുന്നത് തടയുവാനുള്ള നടപടികള്‍ ഒരുങ്ങുന്നു.
രാമന്തളി മാലിന്യ വിരുദ്ധ സമരം നയിച്ച ജന ആരോഗ്യ സംരക്ഷണ സമിതിയുമായി നേവല്‍ അധികൃതര്‍ ഉണ്ടാക്കിയ പ്ലാന്റ് വികേന്ദ്രിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് പുതിയ പ്ലാന്റുകള്‍ക്കുള്ള സ്ഥലം കണ്ടെത്തി. ഇത് സംബന്ധിച്ച് രാമന്തളി പഞ്ചായത്ത് റവന്യു അധികൃതരുമായും ജന ആരോഗ്യ സംരക്ഷണ സമിതി കണ്‍വീനറുമായും നേവല്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്ലാന്റ് വികേന്ദ്രീകരണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി അംഗീകാരം നല്‍കിയത്. ജനവാസ കേന്ദ്രത്തില്‍ നിന്നും ഏറെ ദൂരം മാറിയാണ് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 0.6 എം.എല്‍.ഡി, 0.3 എം.എല്‍.ഡി സംഭരണ ശേഷിയുള്ള രണ്ട് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലങ്ങളാണ് കണ്ടെത്തിയത്.
ഒപ്പം പുതുതായി നിര്‍മ്മിക്കുവാന്‍ പദ്ധതിയുള്ള 0.3 എം.എല്‍.ഡി, 0.1 എം.എല്‍.ഡിസംഭരണ ശേഷിയുള്ള രണ്ട് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങളും പ്രതിനിധി സംഘം കണ്ടെത്തി അനുമതി നല്‍കി. നേവല്‍ ഓഫീസേര്‍സ് റസിഡന്‍ഷ്യല്‍ ഏരിയയില്‍ ആണ് പ്ലാന്റ് നിര്‍മ്മിക്കുക. കേഡറ്റുകളുടെ താമസസ്ഥലമായ സ്‌ക്വാഡന്‍ കേന്ദ്രീകരിച്ച് 0.3 എം.എല്‍.ഡി പ്ലാന്റിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ 0.6 ന്റെ പദ്ധതിയുടെ ടെന്‍ണ്ടര്‍ നടപടി പൂര്‍ത്തിയായി. 0 .3 ഉടന്‍ ടെണ്ടര്‍ചെയ്യും.
ഈ രണ്ട് പ്ലാന്റ് നടപ്പിലാക്കുന്നതോടെ നിലവിലെ പ്ലാന്റില്‍ നിന്നുള്ള മാലിന്യ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും. ചര്‍ച്ചയില്‍ നാവിക അക്കാദമി കമാണ്ടിംഗ് ഓഫിസര്‍ കമലേഷ്‌കുമാര്‍, ചീഫ് എഞ്ചിനിയര്‍ അമന്‍ വസിഷ്ഠ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍, വില്ലേജ് ഓഫിസര്‍ സുധീര്‍ കുമാര്‍, ജന ആരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി രാജേന്ദ്രന്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here