തരുവണ-നിരവില്‍പ്പുഴ റോഡ് നിര്‍മാണം: കരാറുകാരന്‍ തീരുമാനിക്കും ഉദ്യോഗസ്ഥര്‍ കാഴ്ചക്കാര്‍

0
8

വെള്ളമുണ്ട: തകര്‍ന്നു കിടക്കുന്ന തരുവണനിരവില്‍പ്പുഴ റോഡ് നവീകരിക്കുന്ന വിഷയത്തില്‍ കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥയും അലംഭാവവും തുടര്‍ക്കഥയാവുന്നു. മൂന്ന് വര്‍ഷം മുമ്പ് അനുമതി നേടിയ പ്രവൃത്തിക്ക് നാളിതുവരെയും മുറിച്ചു മാറ്റേണ്ട മരങ്ങള്‍ ലേലം ചെയ്യാനോ റോഡില്‍ നിന്നും നീകക്കേണ്ട ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനോ ആവശ്യമായ നടപടികളൊന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് പത്ത് കോടി 2015 അവസാനത്തില്‍ അനുവദിച്ചത്. ഇത് പ്രകാരം റോഡിന്റെ ടാറിംഡ് വീതി ഏഴു മീറ്ററാക്കി ഉയര്‍ത്താനായിരുന്നു തീരുമാനിച്ചത്. നാല്‍പ്പതിലധികം മരങ്ങള്‍ നിര്‍ബ്ബന്ധമായും മുറിച്ചു മാറ്റേണ്ടതാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഇവ അടയാളപ്പെടുത്തി വാല്വേഷന്‍ നടത്തി മുറിച്ച് നീക്കാനുള്ള നടപടികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
വനം വകുപ്പില്‍ നിന്നും വിലനിര്‍ണ്ണയം നടത്തിക്കിട്ടിയെങ്കിലും ടെണ്ടര്‍നടപടികള്‍ ബാക്കിയാണ്. ആദ്യ ടെണ്ടറില്‍ നിശ്ചയിച്ച വിലയില്‍ മരം വിലയ്‌ക്കെടുക്കാന്‍ ആളെത്തിയില്ലെങ്കില്‍ പുനലേലം നടത്തുമ്പോള്‍ ഇനിയും കാലതാമസമെടുക്കും.
അതോടൊപ്പം റോഡ് വീതി കൂടുമ്പോള്‍ റോഡിലേക്കിറങ്ങി നില്‍ക്കുന്ന ഇലക്ട്രിക് തൂണുകള്‍ മാറ്റി സ്ഥാപിക്കാനിനിയും തുടങ്ങിയിട്ടില്ല.കരാറുകാരന്‍ ഇതിനാവശ്യമായ പണം കെ എസ് ഇ ബിക്ക് അടക്കുന്നതില്‍ വന്ന വീഴ്ചയാണ് ഇതിന് കാരണം.നിലവില്‍ പണമടച്ചെങ്കിലും പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല.ഇതോടെ ടാറിംഗ് പണികള്‍ ഈ ഭാഗങ്ങള്‍ മാറ്റി നിര്‍ത്തി നടത്തുവാനാണ് നീക്കം നടക്കുന്നത്.എന്നാല്‍ ഇത് റോഡിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് പരാതി ഉയരുന്നത്.
നാട്ടുകാരുടെ നിരന്തര പ്രതിഷേധവും സ്ഥലം എം എല്‍ എ ഒ ആര്‍ കേളുവിന്റെ ഇടപെടലും കാരണം കരാറുകാര്‍ ഒരാഴ്ച മുമ്പ് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഒച്ചിഴയും വേഗത്തിലാണ് പണി നടക്കുന്നത്.
പണിചെയ്യുന്നതില്‍ കൃത്യതയില്ലെന്നും ആരോപണമുണ്ട്.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോ ഓവര്‍സിയറോ പണിസ്ഥലത്ത് ഉണ്ടാവാറില്ല. കരാറുകാരന് തോന്നിയരീതിയിലുള്ള പ്രവര്‍ത്തികളാണ് റോഡില്‍ നടക്കുന്നതെന്നാണ് ആരോപണം.
ഏത് വിധേനയും ദുരിത യാത്രക്കറുതിവേണമെന്നതിനാല്‍ രാഷ്ട്രീയക്കാരോ നാട്ടുകാരോ പ്രതിഷേധിക്കാത്തത് കരാറുകാരനും ചില ഉദ്യോഗസ്ഥരും മുതലെടുപ്പ് നടത്തുകയാണെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here