കണ്ണൂര്‍ വിമാനത്താവളം: ഇനി 44 ദിനങ്ങള്‍ കൂടി: അമിത് ഷായുടെ വിമാനം നാളെഇറങ്ങും

0
3

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളം ഉദ്ഘാടനത്തിന് 44ദിവസം അവശേഷിക്കേ നാളെ സ്വകാര്യവിമാനം ഇറങ്ങുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ഇന്നലെ കേന്ദ്രസംഘം പരിശോധന നടത്തി.
ബി.ജെ.പി കണ്ണൂര്‍ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുവാന്‍ ദേശീയഅധ്യക്ഷന്‍ അമിത്ഷാ ആണ് നാളെ മൂര്‍ഖന്‍പറമ്പില്‍ വിമാനമിറങ്ങുന്ന പ്രഥമയാത്രികന്‍.
നാളത്തെ സുരക്ഷയുടെ ഭാഗമായാണ് വിമാനത്താവളത്തില്‍ ഇന്നലെ മംഗളൂരുവില്‍ നിന്നെത്തിയകേന്ദ്രസംഘത്തിന്റെ പരിശോധന നടന്നത്. ഇതിനകം ചെറുതും വലുതുമായി 14 തവണ വിമാനമിറങ്ങിയ മൂര്‍ഖന്‍പറമ്പില്‍ രണ്ടാമതുതവണയാണ് സ്വകാര്യവിമാനമിറങ്ങുന്നത്.
2016 ഫെബ്രുവരി 29ന് പരീക്ഷണാര്‍ത്ഥം ചെറിയ ഡോര്‍ണിയര്‍ വിമാനമിറങ്ങുമ്പോള്‍ ചെറിയ സ്വകാര്യവിമാനവും ഇറങ്ങിയിരുന്നു. അമിത് ഷായെ സ്വീകരിക്കുവാന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, നളിന്‍കുമാര്‍ കട്ടീല്‍ എം.എല്‍.എ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തും. മറ്റു പത്തുപേര്‍ക്കും സ്വീകരണത്തിന് വിമാനത്താവളത്തില്‍ പ്രവേശന അനുമതി ഉണ്ട്. പി.കെ കൃഷ്ണദാസ്, പി.എസ്. ശീധരന്‍പിള്ള, ശോഭാസുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, പി. സത്യപ്രകാശ്, കെ. സുഭാഷ്, എം. ഗണേഷ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, കെ. രഞ്ജിത്ത് എന്നിവരായിരിക്കും വിമാനത്താവളത്തില്‍ അമിത് ഷായെ സ്വീകരിക്കുവാനെത്തുക. വി. മുരളീധരന്‍ അനുഗമിക്കും. ഡിസംബര്‍ 9ന് ഒരുലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമായും ഇവന്റ് മാനേജ്‌മെന്റിനാണ്.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എമാര്‍, വ്യോമയാന സീനിയര്‍ ഓഫീസര്‍മാര്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിന് 4,800 ചതുരശ്രഅടി വിസ്തൃതിയില്‍ 5 അടി ഉയരത്തിലുള്ള സ്റ്റേജാണ് നിര്‍മ്മിക്കുന്നത്.
മരം കൊണ്ടുള്ള ഫ്‌ളാറ്റ് ഫോമില്‍ സിന്തറ്റിക് കാര്‍പ്പറ്റ് വിരിച്ച് ആറ് ടീപ്പോയികള്‍, മഹാരാജ കുഷ്യന്‍ചെയര്‍ എന്നിവഒരുക്കും. വേദി പൂര്‍ണ്ണമായും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here