സംസ്‌കൃതം ഹ്രസ്വ ചലചിത്ര മത്സരം; ചമ്പാട് എച്ച്എസ്എസിന് ഒന്നാം സ്ഥാനം

0
46

ചമ്പാട്: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച സംസ്‌കൃതം ഹ്രസ്വ ചലച്ചിത്ര മത്സരത്തില്‍ ചമ്പാട് ചോതാവൂര്‍ എച്ച്എസ്എസിന് ഒന്നാം സ്ഥാനം. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നൊരുക്കിയ ഖദ്യോത: എന്ന ഹ്രസ്വചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

ഖദ്യോത: എന്ന സംസ്‌കൃത വാക്കിന് മിന്നാമിനുങ്ങെന്നാണ് അര്‍ത്ഥം. വൈകല്യങ്ങളുമായി,ഇരുട്ടില്‍ കഴിയുന്നവരുടെ ജീവിതത്തിലേക്ക് ഇത്തിരി വെട്ടവുമായി മിന്നാമിനുങ്ങിനെപ്പോലെ കടന്നെത്തുന്ന വലിയ മനസ്സുള്ളവര്‍ നല്‍കുന്ന പ്രത്യാശയാണ് ചിത്രത്തിന്റെ പ്രമേയം. അവയവദാനത്തിന്റെ പ്രാധാന്യവും ‘ഭാഷാ പഠനത്തില്‍ സുഭാഷിതങ്ങളുടെ പ്രസക്തിയും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. സ്‌കൂളിലെ മലയാളം അധ്യാപകന്‍ എ.പ്രദീപ് കുമാറാണ് ഖദ്യോത: സംവിധായകന്‍.

നിരവധി നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടുളള പ്രദീപ് കുമാര്‍ നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടകിന്റെ മേഖലാ സമിതി അംഗമാണ്. ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സംസ്‌കൃതാധ്യാപികയായ പി.പി.സുമംഗലയാണ് തിരക്കഥ രചിച്ചത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഷിനോദ് ചമ്പാടാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിദ്യാര്‍ത്ഥികളായ സൂര്യാനുവിന്ദ്, എസ്.ബി. സായൂജ്, ശ്രീദേവ്, ആദിത്യ ദേവ്, നിരഞ്ജ്, മാനസ,നൈതിക, കൃഷ്ണ നന്ദ,അധ്യാപികമാരായ ടി.വി.ശ്രുതി, സി.എച്ച്.ഹര്‍ഷ,കെ.സുഹ്‌റ,എം.കെ.സുഹിത, ഉമാദേവി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.ഐശ്വര്യ മനോഹരന്‍, ശരണ്യ എന്നിവര്‍ ശബ്ദ സാന്നിധ്യമായി അണിയറയില്‍ പ്രവര്‍ത്തിച്ചു. മറ്റ് അന്‍പതോളം വിദ്യാര്‍ത്ഥികളും ചിത്രത്തിന്റെ ഭാഗമായി.സലാം വീരോളി(സംഗീതം),സുനീര്‍ തലശ്ശേരി ( സാങ്കേതിക പിന്തുണ),ഉമേഷ് ജീവ (എഡിറ്റിംഗ്),ഷാജി പ്രകാശ് (ശബ്ദമിശ്രണം) എന്നിവരും ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.തിങ്കളാഴ്ച തൃശൂര്‍ റീജിയണല്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here