നഗരമധ്യത്തില്‍ ഓടമാലിന്യം; പരാതി നല്‍കിയിട്ടും പരിഹാരമില്ല; താമസക്കാര്‍ ഒഴിയുന്നു

0
3

കോട്ടയം: നഗരമദ്ധ്യത്തില്‍ ഒരു കുടുംബം മാലിന്യക്കുഴിയിലാണ്. ശാസ്ത്രി റോഡിന് സമീപത്തെ ഓടയില്‍ കെട്ടിക്കിടക്കുന്ന മലിനജലം തടത്തില്‍ കെ.ഐ. ജോസഫിന്റെ കുടുംബത്തിന്ദുരിതമായി. നഗരത്തിലെ എല്ലാ മാലിന്യവും ഒഴുകിയെത്തുന്നത് ഈ ഓടയിലേക്കാണ്. ഓടയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും കൊതുകിന്റെയും ഈച്ചയുടെയും കേന്ദ്രമാണ് ഇവിടം.
നഗരസഭയിലടക്കം നിരവധി തവണ പരാതി നല്‍കിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. ശാസ്ത്രി റോഡില്‍ ഖാദി ഗ്രാമോദ്യോഗ് ഭവന് സമീപത്തെ ഡ്രെയിനേജ് അടഞ്ഞതോടെയാണ് പൈകടാസ് ചെല്ലിയോഴുക്കം റോഡില്‍ താമസിക്കുന്ന ഇവരുടെ ദുരിതം തുടങ്ങിയത്. മലിനജലത്തിലൂടെ നീന്തി വേണം ഇവര്‍ക്ക് വീട്ടിലേക്ക് വരാനും പോകാനും. കിണര്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. വീടിനു ചുറ്റും മലിനജലം കിട്ടിക്കിടക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ കഴിയുന്നില്ല.
നഗരത്തിലെ വന്‍കിട ഫ്ളാറ്റുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കിണറടക്കം മലിനമായതിനാല്‍ രോഗഭീഷണിയും അലട്ടുന്നുണ്ട്.
മഴപെയ്യുമ്പോള്‍ ഈ പ്രദേശത്തെയ്ക്ക് കടന്നുചെല്ലാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പുറംലോകവുമായുള്ള ഇവരുടെ ബന്ധം അറ്റുപോയിട്ട് ആറുമാസമാസം കഴിയുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് സ്റ്റുഡിയോ ഉള്‍പ്പടുന്ന കെട്ടിടവും മതിലും ഇവിടെ തകര്‍ന്ന് വീണിരുന്നു. ഇവിടത്തെ കമ്പ്യൂട്ടറും ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ മലിനജലത്തിനടിയിലാണ്. റോഡിലേക്ക് മലിനജലം ഒഴുകിയിരുന്നതിനാല്‍ വാഹന, കാല്‍നടയാത്രയും ദുരിതത്തിലാണ്.
മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തെ താമസക്കാര്‍ ഒഴിഞ്ഞുപോയി. പ്രളയത്തില്‍ വെള്ളം കൂടുതലായി ഒഴുകിയെത്തിയതോടെ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ എത്തി ഡ്രെയിനേജ് വൃത്തിയാക്കാന്‍ നോക്കിയെങ്കിലും ഫലപ്രദമായില്ല.
പിന്നീട് ഇങ്ങോട്ട് ആരും തിരിഞ്ഞ് നോക്കിയതുമില്ല.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍ സോന, ജില്ലാ കളക്ടര്‍, വി.എന്‍.വാസവന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
എന്നാല്‍, മലിനജലം ഒഴുകിപ്പോകുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആരംഭിച്ചിട്ടുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് മലിനജലം പമ്പ് ചെയ്തു കളയുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഓടയിലെ മലിനജലം സുഗമമായി ഒഴുക്കി വിട്ട് പരിസരം താമസയോഗ്യമാക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here