സായാഹ്ന വിശ്രമത്തിന് പാതിയപ്പള്ളിക്കടവില്‍ കടവോരം വിനോദ സഞ്ചാര കേന്ദ്രം ഒരുങ്ങുന്നു

0
54

കോട്ടയം: മീനച്ചിലാര്‍ -മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കടവോരം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോട്ടയം പരുത്തുംപാറ – ഞാലിയാകുഴി റോഡില്‍ കൊടൂരാറിന്റെ തെക്കന്‍ശാഖ കടന്നുപോകുന്ന പാതിയപ്പള്ളിക്കടവിലാണ് കടവോരം എന്ന പേരില്‍ സായാഹ്ന വിശ്രമ കേന്ദ്രം ആരംഭിക്കുന്നത്.
വയലിനോട് ചേര്‍ന്നുള്ള ഇരുഭാഗവും വൃത്തിയാക്കി തണല്‍വൃക്ഷങ്ങളും പൂച്ചെടികളും നട്ട് സംരക്ഷിച്ച് യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
നദീ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട് – വാകത്താനം പഞ്ചായത്തുകള്‍ അതിരിടുന്ന കൊടൂരാര്‍ ആഴം കൂട്ടി നവീകരിക്കുകയും മുഴുവന്‍ പാടശേഖരങ്ങളും കൃഷിയോഗ്യമാക്കുകയും ചെയ്യുന്ന നടപടിയുടെ ഭാഗമായിട്ടാണ് കടവോരം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വേമ്പനാട്ടു കായലില്‍ നിന്ന് തുടങ്ങി നവീകരിക്കപ്പെട്ട പുത്തന്‍തോട്ടിലൂടെ ചിങ്ങവനം – പടിയറക്കടവ്- പാതിയപ്പള്ളിക്കടവ് – അമ്പാട്ടുകടവ് – പാറയ്ക്കല്‍ കടവ് എന്നീ പ്രദേശങ്ങള്‍ കടന്ന് മൂവാറ്റുമുക്ക് വരെ ജലവിനോദയാത്രയും പരിഗണനയിലുണ്ട്. പടിയറക്കടവ് ജല ടൂറിസം പദ്ധതിയുടെ ഭാഗമായ ഉല്ലാസതീരം പദ്ധതിയോട് കോര്‍ത്തിണക്കി, പടിയറക്കടവ് മുതല്‍ പാതിയപ്പള്ളിക്കടവ് വരെ ജലയാത്രയ്ക്ക് സജ്ജമാക്കുകയാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്
നവീകരിച്ച തോടുകള്‍ കൃഷിയ്ക്കായും ജലയാത്രകള്‍ക്കായും ഉപയോഗിക്കുന്നതിലൂടെ അവ സജീവമാക്കാനും പരിസ്ഥിതി വീണ്ടെടുക്കാനുമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ജലാശയങ്ങളോടു ചേര്‍ന്ന പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ കൂടി പദ്ധതിയുടെ ലക്ഷ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here