നൊമ്പരം ബാക്കിയാക്കി പിതൃഹൃദയം വിടവാങ്ങി; അബൂട്ടിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

0
19
മട്ടന്നൂര്‍: മകളുടെ നീറുന്ന ഓര്‍മ്മകളുമായി ജീവിച്ച പിതൃഹൃദയം വിടവാങ്ങിയത് ജനങ്ങളില്‍ നൊമ്പരം അവശേഷിപ്പിച്ച്. ഞായറാഴ്ച രാത്രിയാണ് ശിവപുരം സ്വദേശി അബൂട്ടി മസ്‌കറ്റില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
കൊച്ചിന്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷംനതസ്‌നീം 2016 ജൂലൈ 18 ന് ചികിത്സാപ്പിഴവുമൂലം മരണപ്പെട്ടതോടെ നീതിതേടി അലയുകയായിരുന്നു പിതാവ് അബൂട്ടി. മകളുടെ മരണത്തില്‍ നീതി കിട്ടാതെ വിങ്ങിപ്പൊട്ടിയ അബൂട്ടി മസ്‌കത്തില്‍ ഹൃദയസ്തംഭനംമൂലം മരിച്ചതറിഞ്ഞ് നൊമ്പരപ്പെടുകയാണ് സ്‌നേഹിക്കുന്ന മനുഷ്യരും സര്‍വ്വോപരി അദ്ദേഹത്തെ അറിയുന്നവരും. അബൂട്ടി മരണപ്പെട്ടു എന്നറിഞ്ഞതോടെ, മകളെയോര്‍ത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി വേദനിച്ചോടിയ അദ്ദേഹത്തിന്റെ രൂപമാണ് നാട്ടുകാരില്‍ നിറഞ്ഞുനില്‍ക്കുന്നത്. നാട്ടിലെ സാമൂഹ്യപ്രവര്‍ത്തകനായിരുന്ന അബൂട്ടി, മകളുടെ മരണശേഷം മസ്‌ക്കറ്റിലെ ബിസിനസ് ഒഴിവാക്കിയെങ്കിലും വിസയുടെ കാലാവധി തീരുന്നതിനാല്‍ പുതുക്കുവാന്‍ രണ്ടാഴ്ച മുമ്പാണ് മസ്‌ക്കറ്റില്‍ പോയത്. ഞായറാഴ്ച രാത്രി ഹൃദയസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു.
മകളുടെ ചേതനയറ്റ ശരീരമെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടിയ അബൂട്ടി മകള്‍ക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. മരിച്ചത് ചികിത്സാപ്പിഴവുമൂലമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് അബൂട്ടി നടത്തിയ നിരന്തരമായ പോരാട്ടത്തിനൊടുവിലാണ്. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ നിന്നുള്ള കുത്തിവെയ്പാണ് ഷംനയുടെ ജീവന്‍ കവര്‍ന്നത്.
സംഭവത്തില്‍ മെഡിക്കല്‍= കോളജിലെ ഏതാനും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗുരുതര പിഴവാണ് ഇവരുടെ ഭാഗത്തുണ്ടായതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മെഡിക്കല്‍ അപ്പെക്‌സ് ബോര്‍ഡും ചൂണ്ടിക്കാട്ടി. നഖം മുറിക്കുമ്പോള്‍ പോലും മകള്‍ക്ക് മുറിവ് പറ്റിയാല്‍ പിടയുന്ന തനിക്ക് മകളുടെ മരണം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് അബൂട്ടി എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റക്കാരെ കണ്ടെത്തിയിട്ടും നടപടികളുണ്ടായില്ല എന്നത് അബൂട്ടിയെ അലട്ടിയിരുന്നു. ആരും ഒന്നിലും ഇടപെടുന്നില്ല- ശരിയാക്കാം എന്ന മറുപടി മാത്രമാണ്‌ലഭിക്കുന്നത് എന്ന് അബൂട്ടി വേദനയോടെ പലപ്പോഴും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here