മണ്‍വിള തീപിടിത്തം: പ്രത്യേക സംഘം അന്വേഷിക്കും; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സൂചന

0
13

തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയിലെ പ്ലാസ്റ്റിക് ഉപകരണ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കും. കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മീഷണറാകും അന്വേഷണ ഉദ്യോഗസ്ഥന്‍. ഫോറന്‍സിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.

മണ്‍വിളയിലെ തീപ്പിടിത്തം അഗ്‌നിസമന സേനയും അന്വേഷിക്കും. തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഗ്‌നിശമന സേനാ മേധാവി എ. ഹേമചന്ദ്രന്‍ ഉത്തരവിട്ടു. അഗ്‌നിശമന സേനയുടെ ടെക്നിക്കല്‍ വിഭാഗം ഡയറക്ടര്‍ പ്രസാദിനാണ് അന്വേഷണ ചുമതലയുള്ളത്. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ നിര്‍മാണ യൂണിറ്റില്‍ ബുധനാഴ്ച രാത്രിയോടെ ഉണ്ടായ തീപിടിത്തം വ്യഴാഴ്ച പുലര്‍ച്ചയോടെയാണ് നിയന്ത്രണ വിധേയമായത്. 500 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്പതോളം യൂണിറ്റുകള്‍ എത്തിയാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപ്പിടിത്തത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. തീയണയ്ക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിച്ചില്ലെന്നാണ് സൂചനകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here