എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്

0
29

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റ് എം.മുകുന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പുരസ്‌കാര തുക ഒന്നര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്.

മലയാള സാഹിത്യത്തില്‍ അത്യന്താധുനിക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിട്ടാണ് മുകുന്ദനെ ചരിത്രം വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ആദ്യകാല കൃതികളൊക്കെ തന്നെയും അസ്ഥിത്വ വാദത്തില്‍ ഊന്നിയവയായിരുന്നു.ഫ്രഞ്ച് എംബസിയില്‍ ലൈബ്രേറിയനായിരുന്ന കാലയളവിലാണ് അദ്ദേഹം അല്‍ബര്‍ട്ട് കാമു,കാഫ്‌കേ തുടങ്ങിയ അസ്ഥിത്വ വാദികളുടെ കൃതികളിലേക്ക് ആകൃഷ്ടനായത്.പില്‍ക്കാലത്ത് അദ്ദേഹം മലയാളത്തിലെ നോവലിസ്റ്റുകളുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നു.

1942 സെപ്തംബര്‍ 10 ന് അന്നത്തെ ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിലായിരുന്നു (മയ്യഴി) മുകുന്ദന്റെ ജനനം. 1961ല്‍ ആദ്യ കഥ പുറത്തുവന്നു. വീട്, നദിയും തോണിയും തുടങ്ങിയ ആദ്യകാല കഥകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലാണ് മുകുന്ദന്റെ ഏറ്റവും ശ്രദ്ധയമായ രചനയായി അറിയപ്പെടുന്നത്. ദൈവത്തിന്റെ വികൃതികള്‍, ദല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ആദിത്യനും രാധയും മറ്റുചിലരും, ആവിലായിലെ സൂര്യോദയം, ആകാശത്തിന് ചുവട്ടില്‍, കിളിവന്നു വിളിപ്പോള്‍, ഒരു ദളിത് യുവതിയുടെ കദനകഥ, ഈ ലോകം ഇതിലൊരു മനുഷ്യന്‍, സീത, കേശവന്റെ വിലാപങ്ങള്‍, നൃത്തം, പ്രവാസം തുടങ്ങിവയാണ് നോവലുകള്‍.

വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, അഞ്ചര വയസ്സുള്ള കുട്ടി, തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, തേവിടിശ്ശിക്കിളി, കള്ളനും പോലീസും, കണ്ണാടിയുടെ കാഴ്ച്ച, മുകുന്ദന്റെ കാഴ്ച്ച, റഷ്യ, പാവാടയും ബിക്കിനിയും, നഗരവും സ്ത്രീയും, എന്റെ രാവും പകലും തുടങ്ങി നിരവധി കഥകള്‍ മുകുന്ദന്റേതായി വ്യാപകമായി വായിക്കപ്പെട്ടവയാണ്. എന്താണ് ആധുനികത എന്ന പഠനസമാഹാരവും അദ്ദേഹം എഴുതി. പ്രവാസമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ രചന.

കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, മാതൃഭൂമി പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഒഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതി, വയലാര്‍ പുരസ്‌കാരം, എം പി പോള്‍ അവാര്‍ഡ്, എന്‍ വി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും മുകുന്ദനെ തേടിവന്നു. ഏഴോളം രചനകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഡല്‍ഹി ഫ്രഞ്ച് എംബസിയില്‍ ദീര്‍ഘകാലം ജോലി ചെയ്തു.40 വര്‍ഷത്തോളം നീണ്ട ഡല്‍ഹിയിലെ പ്രവാസജീവിതത്തിലാണ് ഏതാണ്ടെല്ലാ രചനകളും എഴുതപ്പെട്ടത്. കേരളസാഹിത്യ അക്കാദമി അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here