കൊച്ചി: ശബരിമല സ്ത്രീപ്രവേശനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് ഹൈക്കോടതി. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി. പുനഃപ്പരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കാനിരിക്കെ അതുവരെ ശബരിമലയിലെ യുവതി പ്രവേശനം താത്കാലികമായി തടയണം എന്നാവശ്യപ്പെട്ടെത്തിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ മറുപടി.
സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ തീരുമാനമാകുംവരെ സംസ്ഥാന സര്‍ക്കാരിന് നോക്കി നില്‍ക്കാനാകില്ല. ക്രമസമാധാന പ്രശ്‌നങ്ങളോ രക്തച്ചൊരിച്ചിലോ ഉണ്ടായാല്‍ ഇടപെടുന്നതിനാണ് രാജ്യത്ത് നിയമങ്ങളുളളത്. സുപ്രീം കോടതി വിധി ആയതിനാല്‍ത്തന്നെ ഉത്തരവ് നടപ്പാക്കുന്നത് തടയാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ സ്വകാര്യ ഹര്‍ജി പിന്‍വലിച്ചു.

ഹര്‍ജിക്കാരന്‍ പ്രധാനമായും മുന്നോട്ടുവെച്ചത് ഒരു നിയമപ്രശ്നമാണ്. ശബരിമലയില്‍ 10 നും 50 നും ഇടയിലുള്ള പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം തടഞ്ഞത് മഹേന്ദ്രന്‍ എന്നയാളുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ്. ഇതില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ആ വിധി പരാമര്‍ശിക്കാതെ മറ്റൊരു വിഷയത്തിലാണ് ശബരിമലയില്‍ യുവതി പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്.

അതുകൊണ്ട് തന്നെ മഹേന്ദ്രന്‍ കേസിലെ വിധി ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയിലെ പുനഃപ്പരിശോധന ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നതുവരെ യുവതി പ്രവേശനം തടയണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചത്.

എന്നാല്‍ വിധി പുറപ്പെടുവിച്ചത് മഹേന്ദ്രന്‍ കേസിലെ വിധി പരിശോധിച്ചാണോ അല്ലയോയെന്ന് സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. അതിനാല്‍ ഹര്‍ജി ഇവിടെ നിലനില്‍ക്കുന്നതല്ല, വേണമെങ്കില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. സുപ്രീംകോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് നിയമപരമായി അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here