ബന്ധു നിയമനം; കെ.ടി ജലീലിന് കുരുക്കു മുറുകുന്നു; രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം; ന്യായീകരിച്ച് ജലീല്‍ ഫെയ്‌സ്ബുക്കില്‍

0
14

topതിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് കുരുക്കു മുറുകുന്നു. നേരത്തെ സമാനമായ വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജന് രാജിവെച്ച സാഹചര്യത്തില്‍ കെ.ടി ജലീലും അതേപാത പിന്തുടരണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തുവന്നു. പിതൃസഹോദര പുത്രന്‍ അദീപിന് മൈനോറിറ്റി ഡവലപ്മെന്റ് ഫിനാര്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമനം നല്‍കിയത് സംബന്ധിച്ചാണ് കെ.ടി ജലീലിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2018 ഒക്ടോബര്‍ എട്ടിന് പൊതുഭരണ ഉത്തരവ് പ്രകാരം അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യൂ നടത്തുകയോ ചെയ്യാതെ മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കിയെന്നയിരുന്നു ആരോപണം.

അതേസമയം, നിയമനം താല്‍ക്കാലികമാണെന്നും ഒരാള്‍ക്ക് ഡെപ്യൂട്ടേഷനില്‍ ജോലി നല്‍കിയത് മഹാപരാധമായി ചൂണ്ടിക്കാണിക്കുകയാണെന്നും വ്യക്തമാക്കി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷണീയമായ മറ്റൊരു പദവിയിലേക്കാണ് നിയമനം. മൈനോറിറ്റി ധനകാര്യ കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം മാത്രം ലക്ഷ്യമിട്ട് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാള്‍ക്ക് ഡെപ്യൂട്ടേഷന്‍ നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയവും നിലവില്‍ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ വേണ്ടിയാണ് 2016 സെപ്തംബര്‍ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ കോര്‍പ്പറേഷന്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചത്, ഏഴുപേര്‍ അപേക്ഷ നല്‍കി. ഇതില്‍ മൂന്നുപേരാണ് ഇന്റര്‍വ്യൂവിന് ഹാജരായത്. എന്നാല്‍ നിശ്ചിത യോഗ്യത ഇല്ലാത്തതിനാല്‍ ഇവരെ നിയമിച്ചില്ല. പകരം യോഗ്യതയുള്ളയാളെന്ന നിലയിലാണ് അദീപിനെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, യോഗ്യത ഭേദഗതി ചെയ്ത് മന്ത്രി കെ.ടി ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തി എന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബല്‍യു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി ഡിപല്‍മോ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയറിംഗ് ബിരുദധാരിയായ ബന്ധുവിന് നിയമനം നല്‍കാനാണിത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മാത്രമല്ല ഇത് സംബന്ധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും സംശയം ഉണര്‍ത്തുന്നതാണ്. 2016ല്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യത ഉള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കുകയായിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നത്. കുറ്റസമ്മതമായി ഇതിനെ കാണേണ്ടി വരും. അതിനാല്‍ ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here