കുറ്റ്യാടി: ക്ലാസ് റൂമുകളില്‍ വായനാവസന്തം തീര്‍ക്കാന്‍ കുറ്റ്യാടി എംഐയുപി സ്‌കൂള്‍ വിദ്യാര്‍ഥികളും പിടിഎയും ഒരുക്കുന്ന പുസ്തകയാത്ര ഞായര്‍, ചൊവ്വ ദിവസങ്ങളില്‍. കുറ്റ്യാടി, കായക്കൊടി, മരുതോങ്കര, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിലായാണ് യാത്ര. 15 കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ പരിപാടികളില്‍ കുട്ടികള്‍ ക്ലാസ് ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് ഏറ്റുവാങ്ങും. ഇതോടൊപ്പം സമകാലിക സംഭവങ്ങളെ സര്‍ഗാത്മകമായി നോക്കിക്കാണുന്ന ദൃശ്യാവിഷ്‌കാരം ‘കഥയാട്ട’വും വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും.

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ക്ലാസ് ലൈബ്രറികള്‍. വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. ക്ലാസ് ലൈബ്രറികള്‍ ഒരുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പരമാവധി പൊലിമയോടെ നെഞ്ചേറ്റുകയായിരുന്നു കുറ്റ്യാടി എംഐയുപി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎയും എസ്എസ്ജിയും. 43 ക്ലാസുകളുള്ള വിദ്യാലയത്തില്‍ എല്ലാ ക്ലാസുകളിലും പുസ്തകം ശേഖരിക്കാനായി ഷെല്‍ഫുകള്‍ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഇതിനകം ഒരുക്കിക്കഴിഞ്ഞു. നൂറോളം പുസ്തകങ്ങളും ഓരോ ക്ലാസ് ലൈബ്രറികളിലും ആയി. ലൈബ്രറികളില്‍ പരമാവധി വൈവിധ്യങ്ങള്‍ തീര്‍ക്കുന്നതിനും പുസ്തകങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വായനയുടെ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനുമാണ് പുസ്തകയാത്ര സംഘടിപ്പിക്കുന്നത്.

യാത്രയ്ക്കൊപ്പമുള്ള ദൃശ്യാവിഷ്‌കാരത്തില്‍ 21 കുട്ടികളാണ് വേഷമിടുന്നത്. സ്‌കൗട്ട്, ഗൈഡ്, പിടിഎ, പ്രാദേശിക കമ്മിറ്റികള്‍ എന്നിവയുടെ സാന്നിധ്യമുണ്ടാവും. മുന്നൊരുക്കങ്ങളുടെ ഭാഗമായി 15 കേന്ദ്രങ്ങളിലും ഗൃഹാങ്കണ പിടിഎകള്‍ ചേര്‍ന്ന് പ്രാദേശിക കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഞായറാഴ്ച രാവിലെ 9.15ന് ചെറിയകുമ്പളത്തുനിന്ന് ആരംഭിച്ച് ചൊവ്വാഴ്ച വൈകിട്ട് 4.15ന് കുറ്റ്യാടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് യാത്ര സമാപിക്കുക. പാറക്കടവ് 10.00, പാലേരി 11.00, കരണ്ടോട് 12.15, നരിക്കൂട്ടുംചാല്‍ 2.00, പട്ടര്‍കുളങ്ങര 3.15, ദേവര്‍കോവില്‍ 4.15 എന്നിവിടങ്ങളിലെ സ്വീകരണ ശേഷം 5.15ന് അടുക്കത്ത് ഞായറാഴ്ചത്തെ യാത്ര സമാപിക്കും. ചൊവ്വാഴ് രാവിലെ 9ന് തളീക്കരയില്‍നിന്ന് ആരംഭിച്ച് കള്ളാട് 10.00, ഊരത്ത് 11.00, വടയം 12.00, വട്ടക്കണ്ടിപ്പാറ 2.00, വേളം കേളോത്ത്മുക്ക് 3.00 എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് 4.15ന് കുറ്റ്യാടിയില്‍ സമാപിക്കുക.

സംഘാടക സമിതി ഭാരവാഹികളായ ഇ. അഷറഫ്, ജമാല്‍ കുറ്റ്യാടി, തയ്യുള്ളതില്‍ നാസര്‍, കെ.പി റഷീദ്, എന്‍.പി ശക്കീര്‍, ഷരീഫ് മാസ്റ്റര്‍, അനുപം ജെയ്‌സ്, ടി. ദിനേശന്‍, പ്രദീപന്‍ നവരക്കോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here