സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളില്‍ രോഗികള്‍ കുറയുന്നു

0
39

ചെമ്പകശ്ശേരി ചന്ദ്രബാബു
കൊല്ലം: സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് രോഗികളെ കിട്ടാനില്ലെന്ന് പരാതി. മികച്ച ആയുര്‍വ്വേദ ഔഷധങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ളത്. സമര്‍ത്ഥരായ ആയുര്‍വ്വേദ ഡോക്ടര്‍മാരും ആശുപത്രികളിലുണ്ട്.
വിലകൂടിയ ഇനം കുഴമ്പുകളും, തൈലങ്ങളും, അരിഷ്ടങ്ങളും സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളില്‍ സുലഭമാണെന്നിരിക്കെ ഇവിടങ്ങളില്‍ രോഗികളുടെ എണ്ണം തീരെ കുറവത്രെ. പലയിടങ്ങളിലും കിടക്കകളുടെ എണ്ണം കുറവാണ്. ഉള്ള കിടക്കകളില്‍ തന്നെ മിക്കപ്പോഴും രോഗികളില്ല. ആയുര്‍വ്വേദ ചികിത്സ ഇന്ന് സാധാരണക്കാരനെ സംബന്ധിച്ച് അപ്രാപ്യമാണ്.
ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയാല്‍ ഏറ്റവും കുറഞ്ഞത് പതിനയ്യായിരം രൂപയെങ്കിലും ഒരാഴ്ചത്തേക്ക് വേണ്ടിവരും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന്റെ ആവശ്യമില്ല. ഇക്കാര്യത്തെക്കുറിച്ച് ഒരു ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണത്രെ പ്രശ്‌നം.
ഉഴിച്ചില്‍, പിഴിച്ചില്‍, ചവിട്ടിതിരുമ്മല്‍ തുടങ്ങിയ ചികിത്സകളൊക്കെ പല ആശുപത്രികളിലുമുണ്ട്. എന്നിട്ടും ആവശ്യക്കാരുടെ എണ്ണം കുറവാണ്. ഈ വക കാര്യത്തെക്കുറിച്ച് അറിയാവുന്ന ജീവനക്കാരുടെ അടുത്ത പരിചയക്കാരാണ് ഇപ്പോള്‍ ഏറിയ പങ്കും എത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ ഗുണകരമല്ലെന്ന ഒരു ധാരണ പരത്തുന്നതില്‍ ഈ രംഗത്തുള്ള ചില തല്‍പരകക്ഷികള്‍ വിജയിച്ചിട്ടുണ്ടത്രെ. ആ ധാരണ തന്നെയാണ് ഇന്നും രോഗികളില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെയാകണം സാമ്പത്തിക ശേഷി കുറഞ്ഞവര്‍ പോലും സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളെ ആശ്രയിക്കാത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here