അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; പാലക്കാട് നഗരസഭ ബി.ജെ.പി തന്നെ ഭരിക്കും; കോണ്‍ഗ്രസിന് തിരിച്ചടിയായി അംഗത്തിന്റെ രാജി

0
13

പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടതോടെ നഗരസഭാ ഭരണം ബി.ജെ.പി ക്കുതന്നെ. വോട്ടെടുപ്പില്‍നഗരസഭ അധ്യക്ഷ പ്രമീള ശശിധരന് എതിരെയും വൈസ് ചെയര്‍പേഴ്‌സണ്‍ സി. കൃഷ്ണകുമാറിനെതിരെയും 26 വോട്ട് മാത്രമാണ് ലഭിച്ചത്. 52 അംഗ കൗണ്‍സിലില്‍ അവിശ്വാസ പ്രമേയം പാസാകാന്‍ 27 വോട്ടാണ് വേണ്ടിയിരുന്നത്.

രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി. ശരവണന്‍ രാജി വെച്ചതാണ് യു.ഡി.എഫിന് തിരിച്ചടിയായത്. തിങ്കളാഴ്ച രാവിലെ യു.ഡി.എഫ് അവിശ്വാസത്തില്‍ ചര്‍ച്ച നടക്കാനിരിക്കെ ഞായറാഴ്ച രാത്രി നടന്ന നാടകീയ നീക്കത്തിലാണ് കല്‍പ്പാത്തി രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ വി. ശരവണന്‍ രാജി വെച്ചത്. ശരവണന്‍ കൗണ്‍സിലര്‍ സ്ഥാനം രാജി വെച്ച വിവരം രാവിലെയാണ് കോണ്‍ഗ്രസിലെ തന്നെ നേതാക്കള്‍ അറിഞ്ഞത്.

ശരവണന്‍ രാജി വെച്ചത് ആരേയും അറിയിക്കാതെ നഗരസഭ സെക്രട്ടറിയും ബി.ജെ.പിയുടെ കുതിര കച്ചവടത്തിന് കൂട്ടുനിന്നതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഒരംഗം രാജി വെച്ചതോടെ 52 അംഗ കൗണ്‍സിലില്‍ അവിശ്വാസത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 26 ആയി കുറഞ്ഞു. അവിശ്വാസം പാസാകാന്‍ 27 പേരുടെ പിന്തുണയാണ് വേണ്ടത് എന്നിരിക്കെ കോണ്‍ഗ്രസ് അംഗത്തിന്റെ കൂറുമാറ്റത്തോടെ അവിശ്വാസം പരാജയപ്പെടുമെന്ന് വോട്ടെടുപ്പിന് മുമ്പ് തന്നെ ഉറപ്പായിരുന്നു.
അവിശ്വാസ പ്രമേയത്തില്‍ ഒന്നാമതായി ഒപ്പിട്ട അംഗമായിരുന്നു ശരവണന്‍. 13 കോണ്‍ഗ്രസ് അംഗങ്ങളും, 4 ലീഗ് അംഗങ്ങളും, ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും ഉള്‍പ്പെടെ 18 പേരാണ് അവിശ്വാസ നോട്ടിസില്‍ഒപ്പിട്ടിരുന്നത്. സ്വതന്ത്ര അംഗം സെയ്തലവിക്ക് തെരഞ്ഞെടുപ്പ് കേസ് ഉള്ളതിനാല്‍ വോട്ടവകാശം ഇല്ല . ബി.ജെ.പി ക്ക് 24 ഉം, സി.പി. എമ്മിന് 9 കൗണ്‍സിലര്‍മാരുമാണുള്ളത്. ബി.ജെ.പി യെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ സി.പി. എം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നെങ്കിലും രാവിലെ ഒന്‍പതിന് അധ്യക്ഷയ്ക്ക് എതിരെയുള്ള ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ അധ്യക്ഷ പ്രമീള ശശിധരന്‍, ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍ തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി അംഗങ്ങള്‍ എത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് നാലു കൗണ്‍സിലര്‍മാര്‍ കൂടി തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നും ശബരിമല വിഷയത്തില്‍ മനംനൊന്താണ് ശരവണന്‍ രാജി വെച്ചതെന്നും ബി.ജെ.പി ചര്‍ച്ചയില്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ചില നേതാക്കളുടെ അറിവോടെയായിരുന്നു ശരവണന്റെ രാജി എന്നും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവും കൗണ്‍സിലറുമായ ശിവരാജന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

ബി.ജെ.പി പണം കൊടുത്ത് കുതിര കച്ചവടം നടത്തിയതായും അവിശ്വാസത്തെ ഭയക്കുന്നത് കൊണ്ടാണ് 18 അംഗങ്ങളെ പുറത്തിരുത്തി അഞ്ച് അംഗങ്ങള്‍ മാത്രം ചര്‍ച്ചക്ക് വന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് അംഗം കെ.ഭവദാസ് പറഞ്ഞു . ബി.ജെ.പി ക്ക് എതിരായ അവിശ്വാസത്തില്‍ യു.ഡി.എഫിനൊപ്പം പങ്ക് ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ് തന്നെ അത് തകര്‍ത്തെന്ന് സി.പി.എം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അംഗം രാജി വെച്ചത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ നാടകമാണ് അവിശ്വാസമെന്ന് സി.പി.എം കുറ്റപ്പെടുത്തി. കോണ്‍ഗ്രസും സിപിഎമ്മും ഒന്നായി നിന്നതിലെ പ്രതിഷേധമാണ് അവിശ്വാസം പരാജയപ്പെടാന്‍ കാരണമായതെന്നും കുതിര കച്ചവടം നടന്നിട്ടില്ലെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍ സി. ക്യഷ്ണകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here