ഇന്നലെ ചെങ്ങമനാട് ജീഷേന് സമീപമുണ്ടായ അപകടത്തില്‍ മറിഞ്ഞ ഓട്ടോ വാന്‍
ഇന്നലെ ചെങ്ങമനാട് ജീഷേന് സമീപമുണ്ടായ അപകടത്തില്‍ മറിഞ്ഞ ഓട്ടോ വാന്‍

നെടുമ്പാശ്ശേരി: പറവൂര്‍ നെടുമ്പാശ്ശേരി റോഡില്‍ മൂന്ന് വാഹനങ്ങളുടെ കൂട്ടയിടിയില്‍ അഞ്ച് വയസ്‌കാരിയടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പറവൂരില്‍ നിന്നും അത്താണിയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംതെറ്റി എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ഓട്ടോയിലും, സ്‌കൂട്ടറിലും ഇടിച്ച ശേഷം വലത് വശത്തെ മതിലില്‍ ഇടിച്ച് കയറിയാണ് നിന്നത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

കാറില്‍ സഞ്ചരിച്ചിരുന്ന നോര്‍ത്ത് പറവൂര്‍ വെളുക്കാട് ദേവിപ്രിയ കുടുംബാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ (62), കമലം.പി.പണിക്കര്‍ (75), സുശീലദേവി (56), ആദിത്ത് (26), ഡ്രൈവര്‍ നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി ശ്രീലകം വീട്ടില്‍ സി.പി.ഉണ്ണികൃഷ്ണന്‍ (49), ഓട്ടോ വാന്‍ ഡ്രൈവര്‍ മാഞ്ഞാലി ചാന്തക്കുന്നില്‍ സനൂപ് (27), സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അന്നമനട കുമ്പിടി മൂത്തേടന്‍ വീട്ടില്‍ സിനില്‍ (32), ഭാവന (28), മകള്‍ എഫ്ഫ്ര (അഞ്ച്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അങ്കമാലി എല്‍.എഫ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെ ചെങ്ങമനാട് ഇന്ത്യന്‍ ബാങ്കിന് കിഴക്ക് ഭാഗത്തെ ഇറക്കത്തായിരുന്നു അപകടം. അത്താണി ശാന്ത നഗറില്‍ താമസിക്കുന്ന എയര്‍പോര്‍ട്ട് ജീവനക്കാരിയായ ആതിരയുടെ വീട്ടിലേക്ക് പോകുകയായിരുന്നു കാറില്‍ സഞ്ചരിച്ചിരുന്നവര്‍. ഈ സമയം വടക്ക് വശത്തെ ഇടവഴിയില്‍ നിന്ന് പെട്ടെന്ന് റോഡിലേക്ക് കയറിയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതോടെയാണ് എതിര്‍ദിശയില്‍ നിന്ന് വന്ന ഓട്ടോ വാനില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയുടെ തൊട്ട് പിറകില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കുടുംബവും അപകടത്തില്‍പ്പെട്ട് റോഡില്‍ മറിഞ്ഞു വീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഇല്ലത്തുപറമ്പില്‍ വിജയകുമാറിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. മതില്‍ തകര്‍ന്ന് കല്ലുകളും, അവശിഷ്ടങ്ങളും റോഡില്‍ തെറിച്ച് വീണു.അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെനേരം ഗതാഗതക്കുരുക്കനുഭവപ്പെട്ടു.

തുടര്‍ന്ന് ചെങ്ങമനാട് എസ്.ഐ എ.കെ.സുധീറിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ദീര്‍ഘദൂര ബസ് സര്‍വ്വീസുകളും, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന് പോകുന്നതടക്കമുള്ള നൂറ് കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡിലാണ് അപകടം നടന്നത്. ഇടുങ്ങിയ റോഡിലുടനീളം വളവും, തിരിവും, കയറ്റവും, ഇറക്കവുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത്താണി മുതല്‍ ചെങ്ങമനാട് വരെയുള്ള ഭാഗത്ത് 15 ലേറെ അപകടങ്ങള്‍ നടന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here