ഇ ആര്‍ ഉണ്ണി

കോഴിക്കോട്: 65 കോടിയോളം ചെലവിട്ട് 2009ല്‍ പണിതീര്‍ന്ന കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഇനിയും തുറക്കാനാവാതെ നീളുന്നത് കോടികളുടെ നഷ്ടത്തിന് കാരണമാകുന്നു. കെടിഡിഎഫ്‌സി ബി.ഒ.ടി അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടി പണിത പതിനൊന്ന് നില കെട്ടിടമാണ് ഫലത്തില്‍ വരുമാനമൊന്നും കിട്ടാതെ കോര്‍പ്പറേഷന് നഷ്ടം മാത്രം സമ്മാനിച്ച ് മുന്നോട്ട് പോകുന്നത്. കോഴിക്കോട് കോര്‍പ്പറേഷനുമായുള്ള തര്‍ക്കത്തില്‍ പ്ലാനും ലൈസന്‍സും തടഞ്ഞുവെക്കപ്പെട്ട ടെര്‍മിനല്‍ കോംപ്ലക്‌സ് മറ്റൊരു കേസില്‍ അകപ്പെട്ടതോടെ പ്രശ്‌നം കൂനിന്‍മേല്‍ കുരുപോലെ ആയി. കോര്‍പ്പറേഷന്‍ അനുമതി കിട്ടാത്തതിനാല്‍ നമ്പര്‍ ഇടാനോ കേസില്‍ അകപ്പെട്ടതിനാല്‍ കോണ്‍ട്രാക്റ്റ് കൊടുത്ത പാര്‍ട്ടിക്ക് ലേലം നടത്താനോ കഴിഞ്ഞിട്ടില്ല. കെടിഡിഎഫ്‌സി മുടക്ക് മുതല്‍ കടത്തിലേക്ക് കെഎസ്ആര്‍ടിസി വന്‍തുക വര്‍ഷങ്ങളായി അടച്ചുകൊണ്ടിരിക്കുകയാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് മുക്കത്തെ മാക്ക് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന് മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തത് ചോദ്യം ചെയ്ത് ലേലത്തില്‍ പങ്കെടുത്ത ഒരു വ്യക്തി കൊടുത്ത അന്യായത്തിന്റെ പേരില്‍ കേസിലകപ്പെട്ട് കിടക്കുകയാണ് ടെര്‍മിനല്‍ കോംപ്ലക്‌സ്. ഇതിലും ആകര്‍ഷകമായ നിബന്ധനകളില്‍ ടെര്‍മിനല്‍ കോംപ്ലക്‌സ് പതിനഞ്ച് വര്‍ഷത്തേക്ക് കൂടുതല്‍ വരുമാനം കോര്‍പ്പറേഷന് കിട്ടുന്ന രീതിയില്‍ ഏറ്റടുത്ത് നടത്താന്‍ പാര്‍ട്ടികള്‍ തയ്യാറായിട്ടും ഏകപക്ഷീയമായി പാട്ടത്തിന് നല്‍കിയത് അഴിമതി മുന്നില്‍ കണ്ടാണെന്ന് ലേലത്തില്‍ ബന്ധപ്പെട്ടവര്‍ പറയുന്നു.

ബസ്സ്‌റ്റേഷന്‍, ഗാരേജ്, നൂറില്‍ കൂടുതല്‍ മുറികളുള്ള ഷോപ്പിങ് കോംപ്ലക്‌സ്, ഓഫീസ്, ബെയ്‌സ്‌മെന്റ് പാര്‍ക്കിംഗ് ഏരിയ എന്നിവ ചേര്‍ന്നതാണ് ബസ്സ് ടെര്‍മിനല്‍ കെട്ടിടം. ഇതില്‍ ഗാരേജും വര്‍ക്ക്‌ഷോപ്പും ഇപ്പോഴും പൂര്‍ണ്ണമായും പ്രവൃത്തിക്കുന്നില്ല. വര്‍ക്ക് ഷോപ്പിനായി ഇപ്പോഴും പാവങ്ങാട്ടെ വര്‍ക്ക്‌ഷോപ്പിനെയാണ് ആശ്രയിക്കുന്നത്. ഇതിനായി ബസ്സുകള്‍ പതിനാറ് കിലോമീറ്റര്‍ അധികം യാത്രചെയ്യണം. ബസ്സ് ടെര്‍മിനലിന്റെ ഈ അവസ്ഥയ്‌ക്കെതിരെ രാഷ്ട്രീയ സംഘടനകളും ജീവനക്കാരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നീളുകയാണ്. ഒപ്പം കോര്‍പ്പറേഷന്‍ നഷ്ടവും കണക്കില്ലാതെ നീളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here