ചെങ്കലില്‍ ആദ്യ കാര്‍ഷിക ഓര്‍ഗാനിക് തിയേറ്റര്‍ ഒരുങ്ങുന്നു

0
13

പാറശ്ശാല:ജില്ലയിലെ ഏറ്റവും വലിയ കാര്‍ഷിക ഗ്രാമമായ ചെങ്കിലില്‍ ആദ്യ കാര്‍ഷിക ഓര്‍ഗാനിക് തിയേറ്ററിന് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കീഴമ്മാകം പാടത്ത് ജൈവവിളംബരജ്വാലയോടെയാണ് ഓര്‍ഗാനിക് തിയേറ്ററിന് തുടക്കംകുറിച്ചത്. കൃഷിയുടെ സംരക്ഷകനെന്ന സാങ്കല്പിക കഥാപാത്രമായ കടമ്പന്‍ മൂത്താന്‍ കെ.ആന്‍സലന്‍ എം.എല്‍. എ.യില്‍നിന്നു ജൈവവിളംബരജ്വാല ഏറ്റുവാങ്ങി ഓര്‍ഗാനിക് തിയേറ്ററിന് തുടക്കംകുറിച്ചു. ജൈവകൃഷിക്കും നാടകത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടാണ് കീഴമ്മാകം പാടശേഖരത്തില്‍ ഓര്‍ഗാനിക് തിയേറ്റര്‍ ആരംഭിക്കുന്നത്. ഓര്‍ഗാനിക് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ച ദിവസംതന്നെ കീഴമ്മാകം പാടശേഖരത്തില്‍ വിത്തെറിഞ്ഞ് രണ്ടാംവിള കൃഷി ആരംഭിച്ചു. പാടശേഖരത്തില്‍ ഒരുക്കുന്ന തുറന്ന തിയേറ്ററില്‍ കര്‍ഷകര്‍തന്നെ തയ്യാറാക്കുന്ന നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. പ്രദേശത്തെ കര്‍ഷകരുടെ വിഷയങ്ങള്‍ തന്നെയാണ് നാടകത്തിന്റെ വിഷയവും. വടക്കന്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന വെള്ളരി നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഓര്‍ഗാനിക് തിയേറ്റര്‍ ഒരുക്കുന്നതിനായി സംഘാടകര്‍ ശ്രമിക്കുന്നത്. കര്‍ഷകരിലെ കലാവാസന പ്രോത്സാഹിപ്പിക്കുവാനായി ഇത് സ്ഥിരം നാടകവേദിയായിട്ടാണ് നിര്‍മിക്കുന്നത്. ചെങ്കല്‍ കൃഷിഭവനും ഹരിതകേരളം മിഷനും വിവാ കള്‍ച്ചറല്‍ ഡെവലപ്പ്മെന്റും സംയുക്തമായിട്ടാണ് തിയേറ്റര്‍ ഒരുക്കുന്നത്. പാടശേഖരങ്ങളിലെ കൃഷി വ്യാപിപ്പിക്കുന്നതിനോടൊപ്പംതന്നെ ചെങ്കല്‍ ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വീടുകളിലും ജൈവപച്ചക്കറിക്കൃഷിക്കും തുടക്കം കുറിക്കും. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നാടന്‍ പച്ചക്കറിത്തോട്ടങ്ങളും സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here