കൂട്ടുപുഴ പുതിയ പാലം നിര്‍മ്മാണം: കേന്ദ്ര ഇടപെടുന്നു; അനുമതി നല്‍കാന്‍ കര്‍ണാടകയോട് നിര്‍ദേശിച്ചു

0
12

ഇരിട്ടി: സംസ്ഥാനാതിര്‍ത്തിയായ മാക്കൂട്ടത്ത് അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ത്തിവെച്ച പാലത്തിന്റെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് കര്‍ണ്ണാടക സര്‍ക്കാരിനോട് പാലം നിര്‍മ്മാണം ഉടന്‍ പുര്‍ത്തീകരിക്കാനാവശ്യമായ അനുമതി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്.
കര്‍ണ്ണാടകത്തിന്റെ അനുമതി ലഭിച്ചാലുടന്‍ പാതി വഴിയില്‍ നിലച്ച കൂട്ടുപുഴ പാലത്തിന്റെ പ്രവ്യത്തി പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനം കരാര്‍ കമ്പനി പുനരാരംഭിക്കും. തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി കുട്ടുപുഴ പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും പാലത്തിന്റെ മറുകര പൂര്‍ണമായും കര്‍ണാടകത്തിന്റെ വനഭൂമിയാണെന്ന വാദമുയര്‍ത്തി കര്‍ണാടക വനംവകുപ്പ് പുതിയ പാലം നിര്‍മാണം തടഞ്ഞതോടെയാണ് നിര്‍മ്മാണ പ്രവ്യത്തി പ്രതിസന്ധിയിലായത.്
എതിര്‍പ്പ് പരിഹരിക്കുന്നതിന് നടത്തിയ ചര്‍ച്ചകളൊന്നും ഫലം കാണാത്തതിനെ തുടര്‍ന്ന് പാലം പണി അതിര്‍ത്തി തര്‍ക്കത്തില്‍ തട്ടി പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. വന്യജീവിസങ്കേതത്തിന്റെ അധീനതയിലുള്ള മൂന്ന് മീറ്റളോളം സ്ഥലം കൈയേറിയാണ് കൂട്ടുപുഴ പാലം നിര്‍മാണം നടത്തുന്നതെന്ന് ആരോപിച്ച് ആറ് മാസമായി കര്‍ണ്ണാടക വനംവകുപ്പ് കൂട്ടുപുഴ പാലം നിര്‍മ്മാണ പ്രവ്യത്തി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം പൂര്‍ണമായും കേരളത്തിന്റെതാണെന്ന് റവന്യൂവകുപ്പ് പറയുന്നുണ്ടെങ്കിലും ഇത് സ്ഥാപിച്ചെടുക്കാനുള്ള ഒരു നടപടിയും വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല.
ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ മേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കര്‍ണാടക സര്‍ക്കാരിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മാണം നടത്താന്‍ പാടില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു കര്‍ണാടക വനം വകുപ്പ്. പ്രശ്‌നം പരിഹരിക്കുന്നതിന് മന്ത്രിതല ചര്‍ച്ചകള്‍ പോലും നടന്നിട്ടും പ്രശ്‌ന പരിഹാരം ഉണ്ടാവാത്തതിനെ തുടര്‍ന് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ മൂന്ന് മാസം മുന്‍പ് കര്‍ണ്ണാടക വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് പാലം നിര്‍മ്മാണ അനുമതി തേടി കത്ത് നല്‍കിയെങ്കില്ലും തുടര്‍ നടപടിയുണ്ടായില്ല.
ഇതേ തുടര്‍ന്ന് ആണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായത് പി.കെ ശ്രീമതി എംപി മുഖേന കര്‍ണ്ണാടക ബിജെപി എംപിമാരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രശ്‌ന പരിഹാരത്തിനായി രംഗത്തെത്തിയത.

LEAVE A REPLY

Please enter your comment!
Please enter your name here