നാടന്‍ തെങ്ങിനങ്ങള്‍ പടിയിറങ്ങുന്നു; സങ്കരയിനങ്ങള്‍ക്ക് പ്രിയമേറുന്നു

0
686

ഹരിപ്പാട്: നാളീകേരത്തിന് 14, വെളിച്ചെണ്ണക്ക് 200,തെങ്ങ് ഒന്നിന് കേറ്റക്കൂലി 50, കയറ്റിറക്കു കൂലി 800, വണ്ടിക്കൂലിവേറേയും.ഇത്രയും തുക കണ്ടെത്തിയാലും തെങ്ങില്‍ കയറാനാളില്ല, നാളികേരത്തിനു വിലസ്ഥിരതയുമില്ല. വരവും ചെലവും കൂട്ടിനോക്കിയാല്‍ കര്‍ഷകനു മിച്ചം നഷ്ടംമാത്രം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറിമറിയുമ്പോഴാണ്, ഉദ്പാദനചെലവുകൂടുതലും ഉത്പ്പന്നങ്ങള്‍ക്ക് വളരെ കുറവ് വിലയും ലഭിക്കുന്ന നാടന്‍ തെങ്ങുകളെ വിട്ട് കേരകര്‍ഷകര്‍ കൂട്ടത്തോടെ സങ്കരയിനം തെങ്ങുകളുടെയും കുള്ളന്‍ തെങ്ങുകളുടെയും പിന്നാലെ പോകുന്നത്. പന ഇനത്തില്‍പ്പെട്ട ശിഖരങ്ങളില്ലാത്ത വൃക്ഷമാണ് തെങ്ങ്.

തെക്ക് നിന്ന് വന്ന കായ് എന്നര്‍ത്ഥത്തില്‍ തെങ്കായ് എന്നും, വാമൊഴിയായി പറഞ്ഞ് ലോപിച്ച് തെങ്ങായിയെന്നുമാണ് തെങ്ങിനെകുറിച്ച് പഴമ ക്കാരുടെ സംസാരം.നാടന്‍ തെങ്ങുകള്‍ പ്രധാനമായും രണ്ടുതരത്തിലുണ്ട്.നെടിയതും,കുറിയതും.ഇവ രണ്ടിനത്തിനും ഇടയില്‍പ്പെട്ട ഒരിനവും കൂടിയുണ്ട്. 15മുതല്‍25മീറ്റര്‍വരെയാണ് നാടന്‍ തെങ്ങുകളുടെ ഉയരം..80മുതല്‍100വയസുവരെയാണ് ഇവയുടെ ആയുസ്.കുള്ളന്‍ ഇനത്തില്‍പ്പെട്ടവയുടെ ആയുസ്സാകട്ടെ 45ഉം.കുള്ളന്‍ ഇനങ്ങളും നാടന്‍ ഇനങ്ങളും തമ്മില്‍ പരാഗണം നടത്തിയാണ് സങ്കരയിനം തെങ്ങ് ഉത്പാദിപ്പിക്കുന്നത്.
ഒരാള്‍ക്ക് കയ്യെത്തി നാളികേരം പറിച്ചെടുക്കാന്‍ പാകത്തിലാണ് മിക്ക സങ്കരയിനം തെങ്ങുകളും.ഇവയുടെ ആയുസാകട്ടെ 30ഉം.
സങ്കരയിനം തെങ്ങുകള്‍ ഇപ്പോള്‍ കര്‍ഷകരുടെ പ്രിയപ്പെട്ടതാവുകയാണ്. മരംകയറ്റ തൊഴിലാളിയുടെ ആവശ്യമില്ലാത്തതും നാടന്‍ തെങ്ങിനെക്കാള്‍ കായ്ഫലംകൂടുതല്‍ ലഭിക്കുന്നതുകൊണ്ടും.മറ്റ് ഉത്പ്പാദനച്ചെലവുകള്‍ ഇല്ലാത്തതും, രോഗപ്രതിരോധശേഷികൂടുതലുള്ളതു കൊണ്ടുമാണ് കേര കര്‍ഷകര്‍ സങ്കരയിനം തെങ്ങുകളെ ആശ്രയി ക്കുന്നതിന്റെ പ്രധാനകാരണം. ലോകത്തിലെ ആദ്യ സങ്കരയിനം തെങ്ങായ ടിഃഡി മുതല്‍ ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ, കേരശ്രീ, കേരള സൗഭാഗ്യ എന്നീ ഇനങ്ങള്‍ വരെ എത്തി നില്‍ക്കുന്നു സങ്കരയിനം തെങ്ങുകളുടെ വൈവിധ്യം.
നാടന്‍ തെങ്ങുകളെക്കാള്‍ വേഗത്തില്‍ പുഷ്പിക്കുകയും ഉല്‍പ്പാദന ക്ഷമത വളരെവേഗം കൈവരിക്കുകയും ചെയ്യും എന്നതാണ് ഈ തെങ്ങുകളെ കേരകര്‍ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയ ഘടകങ്ങളിലൊന്ന്. അധികം ഉയരത്തില്‍ വളരില്ല എന്നതും പ്രത്യേകതയാണ്. നാടന്‍ ഇനത്തില്‍ ശരാശരി 60 നാളികേരം വര്‍ഷത്തില്‍ ലഭിക്കുമ്പോള്‍ സങ്കരയിനങ്ങളില്‍ 140 മുതല്‍ 250 വരെ എണ്ണം നാളികേരം ലഭിക്കുന്നു എന്നതും കേരകര്‍ഷകര്‍ക്ക് ഈ തെങ്ങുകളെ പ്രിയപ്പെട്ടതാക്കിയ മറ്റൊരു ഘടകം.. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ കേരം തിങ്ങും കേരള നാട്ടില്‍ തെങ്ങിന്‍ തോപ്പുകളുടെ മുഖച്ഛായ തന്നെ മാറും.

കുള്ളന്‍ തെങ്ങുകളെയും കര്‍ഷകര്‍ തേടിയിറങ്ങുകയാണ്. തേങ്ങകള്‍ കൈയെത്തി പറിക്കാം എന്നതാണ് കുള്ളന്‍ തെങ്ങുകളുടെ പ്രത്യേകത. കേരകര്‍ഷകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ലോഡ് കണക്കിന് വിത്തുതേങ്ങകളാണ് ഇപ്പോള്‍ മറുനാട്ടില്‍ നിന്നും മലയാള നാട്ടിലേക്ക് എത്തുന്നത്. നാളികേര ഉല്പാദക സംഘങ്ങള്‍ മുന്‍കൈ എടുത്താണ് വിത്തു തേങ്ങകള്‍ എത്തിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് കുഞ്ഞന്‍ തെങ്ങുകളുടെ വിത്ത് തേങ്ങകള്‍ കൂടുതലായും എത്തിക്കുന്നത്. നാലു വര്‍ഷം കൊണ്ട് കായ്ക്കുന്ന ഉയരംകുറഞ്ഞ തെങ്ങാണിത്.

മട്ടുപ്പാവില്‍വരെ തെങ്ങും തൈ വെച്ച് നാളീകേരം പറിച്ചെടുക്കാവുന്നകാലം വന്നതും നാളീകേര ഉല്പന്നങ്ങളുടെ വിപണത്തിലൂടെ നല്ലവരുമാനം കൊയ്യാമെന്നിരിക്കെ തെങ്ങിനെ പരിപാലിച്ച് സംരക്ഷിക്കുന്ന കര്‍ഷകന് നഷ്ടത്തിന്റെ കണക്കുകളാണ് മിച്ചം. നാളീകേരത്തില്‍നിന്ന് മൂല്യ’ വര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുകയെന്നതാണ് കേരകര്‍ഷകരെ നഷ്ടത്തില്‍ നിന്ന് കരകയറ്റാാനുള്ള ഏക മാര്‍ഗം. നാളീകേരജ്യൂസും, തേങ്ങാപ്പാലും കുട്ടികളുടെ ആരോഗ്യത്തിന് ഉത്തമമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നതോടൊപ്പം ബോഡിക്രീം,ജാം,ബിസ്‌ക്കറ്റ്,ചമ്മന്തിപ്പൊടി എന്നിവയും,ചിരട്ടയില്‍നിന്ന്‌പൊടിയെടുത്ത് പ്ലൈവുഡ്,ലാമിനേറ്റേഡ് ബോര്‍ഡ് വ്യവസായത്തില്‍ ഫിനോലിക് എക്‌സ്ട്രൂഡറായും,സിന്തറ്റിക് റെസിന്‍ ഗ്ലൂകളിലും,കൊതുകുതിരികളിലും,ചന്ദന തിരികളിലും ഫില്ലറായും,അടുക്കളസാമഗ്രികളായ തവിയും മറ്റുംഉണ്ടാക്കുന്നതിനും ആവശ്യസാധനമാണ് ചിരട്ട. ചകിരിയാകട്ടെ കയര്‍ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്.നാളീകേരത്തിന്റെ ഓരോ ഭാഗങ്ങളും നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകമായി മാറിയതിന്റെപശ്ചാത്തലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടും ബോര്‍ഡുകള്‍,ഏജന്‍സികള്‍ എന്നിവ വഴി വിവിധ പദ്ധതികള്‍ കേരകര്‍ഷകര്‍ക്കുവേണ്ടി പല പദ്ധതികള്‍ ആവിഷ് ക്കരിക്കുന്നുണ്ടെങ്കിലും യഥാസമയത്ത് കര്‍ഷകരിലെത്തുന്നില്ല.പ്രാദേശിക കേരസംഘങ്ങളെ കടലാസ് സംഘങ്ങളാക്കി മാറ്റുകയും സര്‍ക്കാര്‍ സര്‍ക്കാരിതര സമിതികളില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ പ്രാദേശിക കേര സംഘങ്ങളെ നോക്കു കുത്തികളാക്കുകയും ചെയ്തതതോടെ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുകയും യഥാര്‍ത്ഥ കേരകര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്, കേരകൃഷിയില്‍ നിന്നും പിന്‍മാറേണ്ട ഗതികേടിലുമാണിപ്പോള്‍.ഇതിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here