വിമാനത്താവളം: വികസനമുന്നേറ്റവുമായി ഇരിട്ടി

0
4

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വികസനത്തില്‍ ശരവേഗവുമായി മട്ടന്നൂരിനു തൊട്ടുള്ള ഇരിട്ടി നഗരസഭയിലെ പത്തൊമ്പതാംമൈല്‍. വിമാനത്താവളം മുന്നില്‍കണ്ട് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഇവിടെ ആധുനിക സൗകര്യങ്ങള്‍ വര്‍ധിക്കുകയാണ്. അധുനിക സൗകര്യങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനം വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ഇവിടെ ആരംഭിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഇരിട്ടി നഗരസഭ കണ്ണൂര്‍ വിമാനത്താവളത്തെ കാണുന്നത്. നിലവില്‍ മട്ടന്നൂരിന്നടുത്ത് ഏറ്റവും കൂടുതല്‍ വികസിച്ച പ്രദേശങ്ങള്‍ ഇരിട്ടി നഗരസഭയുടെ വിവിധ കേന്ദ്രങ്ങള്‍ തന്നെയാണ്. 19 ാം മൈലില്‍ നിരവധി സംരംഭങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. നൂറോളം മുറികളും 20 അപ്പാര്‍ട്ട്‌മെന്റുകളുമായി ഒരു കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. മട്ടന്നൂരിനും ചുറ്റുമായി ഇത്തരം ചെറുതും വലുതുമായ നിരവധി വാണിജ്യ- വ്യവസായ ഗ്രൂപ്പുകളും സ്വകാര്യ കമ്പനികളും ഇതിനകം എത്തിക്കഴിഞ്ഞു. ഇതുവഴി നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.മട്ടന്നൂര്‍ നഗരസഭയുടെ നാമമാത്രമായ ഭൂമിക്കുപരി വിമാനത്താവളത്തിനായി സിംഹഭാഗം ഭൂമിയും വിട്ടുനല്‍കിയ കീഴല്ലൂര്‍ പഞ്ചായത്തും സമീപ പഞ്ചായത്തായ കൂടാളിയും വിവിധ സംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. മട്ടന്നൂരില്‍ ആധുനിക സംവിധാനങ്ങളുള്ള സ്റ്റാര്‍ ഹോട്ടലുകള്‍, വിവിധ ഭാഗങ്ങളിലായി 200 ഓളം അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോട്ടല്‍ മാനേജ്‌മെന്റ് കോളജ്, നിരവധി ടൂറിസ്റ്റുഹോമുകള്‍, വില്ലകള്‍ എന്നിവയുടെ നിര്‍മ്മാണം ശരവേഗത്തില്‍ നടക്കുകയാണ്.ഇതിനിടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം വന്‍ ആഘോഷമാക്കി മാറ്റുവാന്‍ വ്യവസായവകുപ്പു മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒരു ലക്ഷം പേരെയാണ് ഉദ്ഘാടനത്തിന് പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം മലബാറിന്റെ ഉത്സവമാക്കി മാറ്റണമെന്നും ഇതിന് പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നുംമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here