കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ ലോഡ്ജില്‍ കണ്ടെത്തി; അഞ്ചു നാളും ഇവര്‍ ചെലവിട്ടത് തിരൂര്‍ നഗരത്തില്‍

0
2

തിരൂര്‍: കണ്ണൂരില്‍ നിന്നും കഴിഞ്ഞ 19-ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളും അഞ്ച് ദിവസം ചുറ്റിക്കറങ്ങിയത് തിരൂര്‍ നഗരത്തില്‍. പെണ്‍കുട്ടികളെ കണ്ടെത്താനായത് ടൂറിസ്റ്റ് ഹോം ജീവനക്കാര്‍ കാണിച്ച ജാഗ്രത മൂലം. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പാനൂര്‍ പോലീസിന്റെ സഹായത്തോടെ തിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി കുട്ടികളെ കൂടെ കൊണ്ടുപോയി.

19-നാണ്‌ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനികളായ സയനയും, ദൃശ്യയും പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’ സിനിമയെ അനുസ്മരിപ്പിക്കും വിധം നാടുവിട്ടത്. കാണാതായതോടെ വീട്ടുകാരും, പാനൂര്‍ പോലീസും നാടൊട്ടുക്ക് അന്വേഷണം ആരംഭിച്ചു. ഫേയ്‌സ്ബുക്കിലും കുട്ടികളുടെ ചിത്രം സഹിതം സന്ദേശം പ്രചരിച്ചു. ഈ ദിവസങ്ങളിലെല്ലാം കുട്ടികള്‍ തിരൂരിലെ ഹോട്ടല്‍ മുറികളില്‍ മാറി, മാറി താമസിച്ചും ജോലിയന്വേഷിച്ചും നാളുകള്‍ തള്ളുകയായിരുന്നു.

എറണാകുളത്തേക്ക് ട്രെയിന്‍ കയറിയ ഇരുവരും വിശന്നപ്പോള്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. നേരെ റയില്‍വേ പരിസരത്തെ ‘ഗ്രീന്‍ സിറ്റി’ ഹോട്ടലില്‍ മുറിയെടുത്തു. മുറിയിലേക്ക് ഭക്ഷണം വരുത്തി. പി.എസ്.സി. ടെസ്റ്റിന് വന്നതാണെന്നാണ് പറഞ്ഞത്. പരീക്ഷാ സെന്ററും മറ്റും ജീവനക്കാര്‍ ചോദിച്ചറിയാന്‍ തുടങ്ങിയതോടെ മുറി ഒഴിഞ്ഞ് പോയി. പിന്നീട് മുറിയെടുത്തത് ബസ് സ്റ്റാന്റിനടുത്തെ പി.എസ്.എം. ഹോട്ടലില്‍. ടി.വി.യില്‍ വിദ്യാര്‍ത്ഥിനികളെ കാണാതായ വാര്‍ത്ത കണ്ട് ജീവനക്കാരന്‍ ‘ഇത് നിങ്ങളൊന്നു’ മല്ലല്ലോ എന്ന് കുസൃതിച്ചോദ്യം ചോദിച്ചതോടെ മുറി വിട്ടു.

ഇതിനിടെ ഫേയ്‌സ്ബുക്ക് സന്ദേശം ശ്രദ്ധയില്‍പ്പെട്ട ‘ ഗ്രീന്‍ സിറ്റി ‘ ഹോട്ടലിലെ ദിലീപ് കുട്ടികള്‍ തിരൂരിലുണ്ടെന്ന് പാനൂര്‍ പോലീസിന് വിവരം നല്‍കി. താനൂര്‍ ‘താലോലം’ ടെക്‌സ്‌റ്റൈല്‍സില്‍ ഇരുവരും ജോലി തേടി ചെന്നെങ്കിലും ഒഴിവില്ലെന്ന് പറഞ്ഞ് മടക്കി. പിന്നീട് 23-ന് വൈകുന്നേരമാണ് തിരൂര്‍ റയില്‍വേ സ്റ്റേഷന് സമീപത്തെ ‘ തിരൂര്‍ ടൂറിസ്റ്റ് ഹോമില്‍’ മുറിയെടുത്തത്. ഇതില്‍ ഒരാള്‍ 24-ന് ഭക്ഷണം വാങ്ങുവാനായി പുറത്തു പോകുമ്പോള്‍ ഫേയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം വന്ന ചിത്രവുമായി സാമ്യം തോന്നിയ ജീവനക്കാരന്‍ സി.സി.ടി.വി. ദൃശ്യം പരിശോധിച്ച് ഉറപ്പിച്ചതോടെ തിരൂര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. വനിതാ പോലീസടക്കമെത്തി കുട്ടികളെ അനുനയിപ്പിച്ച് പോലീസ് സ്റ്റേഷനിലേക്കെത്തിക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ സഹപാഠികളും, ഉറ്റ സുഹൃത്തുക്കളുമായ ഇരുവരെയും പഠനം നിര്‍ത്തി വിവാഹം കഴിപ്പിച്ചയക്കുവാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ ഒരാളുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചതോടെയാണ് തങ്ങള്‍ നാടുവിടാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. പിന്നീട് വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമാണെന്നറിയിച്ചതോടെ ബന്ധുക്കളെ പോലീസ് വിളിച്ചറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here