പത്തനംതിട്ട: പത്തനംതിട്ടയില്‍ വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ മോചിപ്പിച്ചു. സംഭവത്തില്‍ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായി സൂചനയുണ്ട്. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി അറിയുന്നു. കുട്ടിയുടെ അടുത്ത ബന്ധുക്കളടക്കമുള്ളവരാണ് തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ളത്.
മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി ഇപ്പോള്‍ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തരയോടെ മഞ്ഞനിക്കരയിലാണ് സംഭവം. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മോചദ്രവ്യമായി ഇവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
കുട്ടിയെ കൂടാതെ മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവും മകനുമടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ നേരത്തെയും പണം ചോദിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്നും അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയം നോക്കി അവര്‍ എത്തിയതാണെന്നും മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി പറഞ്ഞു.
കസ്റ്റഡിയിലായ ഇവരുടെ അറസ്റ്റടക്കമുള്ള നടപടികള്‍ ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. അക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മുദ്രപത്രങ്ങളും വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ പ്രതികള്‍ പിടിയിലായിരുന്നു.