ശബരിമല: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; 18 മിനിറ്റിനുള്ളില്‍ പിരിഞ്ഞു

0
10

തിരുവനന്തപുരം: മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല വിഷയം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സഭാനടപടികള്‍ സ്തംഭിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, നിയന്ത്രണങ്ങള്‍ നീക്കുക, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ സഭാകവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. കേവലം 18 മിനിട്ട് മാത്രമാണ് സഭാ സമ്മേളനം ചേരാനായത്.

രാവിലെ ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് സമരം നടത്തുന്ന സാമാജികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പ്രകടനമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. സഭയിലേക്ക് പ്രവേശിച്ചയുടന്‍ തന്നെ അവര്‍ മുദ്രാവാക്യങ്ങളുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ ഒത്തുകൂടി. ഇതിനിടെ, ചോദ്യോത്തര വേള തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ മന്ത്രിമാരുടെ മറുപടി തടസപ്പെട്ടു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നെഴുതിയ കറുത്ത ബാനര്‍ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ ഉയര്‍ത്തി. അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, അനില്‍ അക്കര, ഹൈബി ഈഡന്‍, കെ.എസ് ശബരീനാഥന്‍, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ടി.വി ഇബ്രാഹിം, എം വിന്‍സെന്റ് എന്നിവരായിരുന്നു പ്രതിഷേധത്തിന്റെ മുന്‍നിരയില്‍. ബഹളം മൂര്‍ച്ഛിച്ചതോടെ ഈ നിലയില്‍ സഭ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയില്ല.

യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യഗ്രഹ സമരത്തിന് പരിഹാരം തേടി സര്‍ക്കാരിനെ സമീപിച്ചുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കുറ്റിയില്‍ കെട്ടിയ കയറുപോലെ ഒരേ വിഷയത്തില്‍ സഭയില്‍ ചുറ്റിക്കറങ്ങുകയാണ് പ്രതിപക്ഷാംഗങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ, ചോദ്യത്തിന് മറുപടി പറഞ്ഞ വനംമന്ത്രി കെ. രാജു പ്രതിപക്ഷത്തിന് നേരെ പരിഹാസമുയര്‍ത്തിയതോടെ ബഹളം മൂര്‍ധന്യത്തിലെത്തി. തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി സബ്മിഷനുകള്‍, ശ്രദ്ധക്ഷണിക്കല്‍ എന്നിവയുടെ മറുപടികള്‍ മേശപ്പുറത്ത് വെയ്ക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ പരിഗണിച്ച ശേഷം സഭ പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here