ഉത്തരേന്ത്യയില്‍ മാത്രമല്ല രുദ്രാക്ഷം കാഞ്ഞങ്ങാട്ടു വിളയുമെന്ന് തെളിയിച്ച് ഭരതന്‍

0
264

കാഞ്ഞങ്ങാട്: ഉത്തരേന്ത്യന്‍ കാടുകളില്‍ മാത്രം കാണപ്പെട്ടിരുന്ന രുദ്രാക്ഷം വിളയിച്ച് ശ്രദ്ധേയനാകുകയാണ് അമ്പലത്തറക്കടുത്ത അയ്യങ്കാവിലെ കെ.പി.ഭരതന്‍. രുദ്രാക്ഷം മാത്രമല്ല ,തന്റെ രണ്ടേക്കര്‍ ഭൂമിയില്‍ വിളയാത്ത ഔഷധചെടികളും മരങ്ങളുമില്ല. കച്ചോലം കറ്റാര്‍വാഴ, പനിക്കൂര്‍ക്ക , കരിങ്ങാലി, ചങ്ങലംപരണ്ട, ജാതി, കുറ്റിക്കുരുമുളക്, താന്നി, മുക്കുറ്റി, ബ്രഹ്മി, അമുക്കുരം, മന്താരം, തിപ്പല്ലി, മാതളം, കൃഷ്ണതുളസി, വയമ്പ്, കുറുന്തോട്ടി, കൂവളം, കീഴാര്‍ നെല്ലി, ആടലോടകം ,അശോകം, ശതാവരി, കസ്തൂരി മഞ്ഞള്‍, പഴുതാര വള്ളി, കൊടുവേലി, തുടങ്ങിയ ഔഷധചെടികള്‍ ചിലത് മാത്രം. രുദ്രാക്ഷം, ഭദ്രാക്ഷം, മഞ്ചാടിമരങ്ങള്‍ വേറെയും.

കഴിഞ്ഞ എട്ടു വര്‍ഷമായി ഭരതന്‍ ഔഷധത്തോട്ടം തുടങ്ങിയിട്ട്.അയ്യങ്കാവ് ആസ്ഥാനമായി കെ.പി.ഭരതന്‍ പ്രസിഡന്റായി ഔഷധമുഷാ വികസന സമിതി എന്ന പേരില്‍ സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഉത്തരേന്ത്യന്‍ യാത്രക്കിടെ ലഭിച്ച രുദ്രാക്ഷക്കായ നട്ടു വളര്‍ത്തി കായ്ച്ചു തുടങ്ങിയതോടെയാണ് ഔഷധചെടി കൃഷിയില്‍ താല്പര്യം ജനിച്ചതെന്നു ഭരതന്‍ പറയുന്നു. പിന്നീട് ആന്ധ്ര ബാങ്കിന്റെ സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ലഭിച്ച അറിവും കൃഷിക്ക് ഉത്തേ ജനമായി. രുദ്രാക്ഷമരം പുണ്യ വൃക്ഷമായാണ് പുരാതന ഭാരതത്തിലെ ഋഷീശന്മാര്‍ കണ്ടിരുന്നത്. ബീഹാര്‍, അസം, നേപ്പാള്‍ എന്നിവിടങ്ങളിലാണ് ഭാരതത്തില്‍ രുദ്രാക്ഷമരം വളര്‍ന്നിരുന്നത്. ലോകത്ത് 38 തരം രുദ്രാക്ഷമാണുള്ളതെന്നാണ് പ0നങ്ങള്‍ വ്യക്തമാക്കുന്നത്. രുദ്രാക്ഷ കായയ്ക്ക് ഒന്നു മുതല്‍ 21 വരെ മുഖങ്ങളുണ്ടത്രെ. രുദ്രാക്ഷമരം പൂക്കുലകളായാണ് കാക്കുന്നത്. നീണ്ടു ഒറ്റത്തടിയായ വൃക്ഷം മുകളില്‍ പന്തലിച്ച് വളരുന്നു. മൂന്നാം വര്‍ഷം മുതല്‍ കായ്ച്ച് തുടങ്ങും.കായയാകുമ്പോള്‍ പച്ച നിറവും പാകമാകുമ്പോള്‍ നീല നിറത്തിലും പഴുത്തുണങ്ങുമ്പോള്‍ ചുകപ്പ് നിറവുമാണ് രുദ്രാക്ഷക്കായയ്ക്കുണ്ടാകുന്നത്. രുദ്രാക്ഷമെന്നു തെറ്റിദ്ധരിച്ച് ഭദ്രാക്ഷം, ഇന്ദ്രാക്ഷം, ഉത്രാക്ഷം എന്നീ മരങ്ങള്‍ നട്ടുവളര്‍ത്തി അബദ്ധത്തില്‍ പെടുന്നവരുമുണ്ടെന്ന് ഭരതന്‍ പറയുന്നു.

നേപ്പാള്‍ കൃഷി വകുപ്പിന്റെ 1999ലെ കണക്കനുസരിച്ച് ഒറ്റമുഖ രുദ്രാക്ഷത്തിന് ഒരു ലക്ഷം രൂപയാണ് വില.അത്യപൂര്‍വമായി മാത്രമേ ഒറ്റമുഖ രുദ്രാക്ഷക്കായ കിട്ടാറുണ്ട്. 21 മുഖമുള്ളതിന് 62,000 രൂപയും 18 മുഖമുള്ളതിന് ആറായിരവും വില ലഭിക്കുമത്രെ. രുദ്രാക്ഷം കാര്‍ഷിക വിളയായി ആരും സ്വീകരിച്ചിട്ടഹല്ല. ശാസ്ത്രീയ കൃഷിരീതി ഈ രംഗത്ത് ഇതുവരെയും ഉണ്ടായിട്ടില്ല. വിത്തു മുളപ്പിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. വിത്തു മുളച്ചു വരാന്‍ 11 മാസം വരെ വേണ്ടി വരും.

രുദ്രാക്ഷം ദര്‍ശിച്ചാല്‍ ലക്ഷം പുണ്യവും സ്പര്‍ശിച്ചാല്‍ കോടി പുണ്യവും ധരിച്ചാല്‍ ശതകോടി പുണ്യവും രുദ്രാക്ഷമാല കൊണ്ടു ജപിച്ചാല്‍ അനന്ത കോടി പുണ്യവും ലഭിക്കുമെന്നാണ് ഋഷീശന്മാര്‍ പുരാണങ്ങളില്‍ പറയുന്നത്.രുദ്രാക്ഷവൃക്ഷം വളരുന്ന സ്ഥലം പുണ്യസ്ഥലമായാണ് നേപ്പാള്‍ വാസികള്‍ ഇപ്പോഴും കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here