നാളെ കണ്ണൂരിന്റെ സ്വപ്‌ന സാഫല്യദിനം; ചടങ്ങുകള്‍ രാവിലെ ആറിന് ആരംഭിക്കും

0
7

കണ്ണൂര്‍: ഇന്ന് കണ്ണൂരിന്റെ സ്വപ്ന സാഫല്യ ദിനം. സ്വന്തമായൊരു വിമാനത്താവളം എന്ന നെടുനാളത്തെ പ്രതീക്ഷകള്‍ പൂവണിയുന്ന അപൂര്‍വ മുഹൂര്‍ത്തത്തിന് ജനസഹസ്രങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ആകാശം മുട്ടെയുള്ള അവരുടെ ആവേശാരവങ്ങള്‍ക്കിടെ കേന്ദ്ര- സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വിമാനത്താവളം ഞായറാഴ്ച കാലത്തു വ്യോമഗതാഗതത്തിനു ഔദ്യോഗികമായി സജ്ജമാകുന്നതോടെ ഉത്തരമലബാറിന്റെ വന്‍ വികസന സാധ്യതകള്‍ക്കുള്ള വാതായനങ്ങളും തുറക്കുകയായി. ഉത്സവഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് വിമാനത്താവളത്തിന്റെ ഔപചാരിക ഉദഘാടനം നിര്‍വഹിക്കുക.

ചടങ്ങുകള്‍ രാവിലെ ആറിന് ആരംഭിക്കും. ആറിന് പ്രഥമ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സ്വീകരിക്കും. 6.30ന് യാത്രക്കാരെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്ക് കൊണ്ടു പോവും. ഏഴിന് യാത്രക്കാരെ ഡിപ്പാര്‍ച്ചര്‍ ഹാളിനു മുന്നില്‍ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് സ്വീകരിക്കും.

7.15ന് ചെക്ക് ഇന്‍ കൗണ്ടറില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ്ങ് പാസ് നല്‍കും. 7.30ന് മുഖ്യവേദിയില്‍ കലാപരിപാടികള്‍. 7.45ന് ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വിഐപി ലോഞ്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും 7.55ന് എടിഎം മന്ത്രി എ കെ ശശീന്ദ്രനും ഉദ്ഘാടനം ചെയ്യും. 8.05ന് ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് (ഫോറെക്‌സ്) കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. 8.15ന് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി ഹോള്‍ഡിലെ ‘മലബാര്‍ കൈത്തറി’ ഇന്‍സ്റ്റലേഷന്‍ അനാച്ഛാദനം മന്ത്രി ഇ.പി ജയരാജന്‍. 8.25ന് ഫുഡ് ആന്‍ഡ് ബീവറജേ്‌സ് സര്‍വീസസ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
8.35ന് ബോര്‍ഡിംഗ് ഗേറ്റില്‍വെച്ച് യാത്രക്കാര്‍ക്ക് മന്ത്രിമാര്‍ ഉപഹാരം നല്‍കും. 9 മണിക്ക് സി.ഐ.എസ്.എഫില്‍നിന്ന് മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 9.15ന് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും.
9.30ന് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് തെളിയിക്കല്‍ ചടങ്ങ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. 9.55ന് മുഖ്യമന്ത്രിയും, വ്യോമയാന മന്ത്രിയും ചേര്‍ന്ന് ഉദ്ഘാടന വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. പത്തിന് മുഖ്യവേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം ആശംസിക്കും. കിയാല്‍ എം.ഡി വി. തുളസീദാസ് പ്രൊജക്ട് അവതരിപ്പിക്കും. കേന്ദ്ര-സിവില്‍ ഏവിയേഷന്‍ സെക്രട്ടറി കമല്‍ നയന്‍ ചൗബി മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷനായിരിക്കും. തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പ്രസംഗിച്ച ശേഷം മുഖ്യമന്ത്രി ഫലക അനാച്ഛാദനവും ഉദ്ഘാടന പ്രസംഗവും നിര്‍വഹിക്കും.
ചടങ്ങില്‍ ഇ ഓട്ടോറിക്ഷാ സര്‍വീസ്, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ മന്ത്രിമാരായ എ.കെ ശശീന്ദ്രനും, ഇ. ചന്ദ്രശേഖരനും, രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉദഘാടനം ചെയ്യും.
വിമാനത്താവളത്തിനുള്ള ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ (എല്‍.ഇ.ഇ.ഡി) സര്‍ട്ടിഫിക്കറ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) പ്രതിനിധികള്‍ മന്ത്രി കെ കെ ശൈലജക്ക് നല്‍കും.
കാര്‍ഗോ കോംപ്ലക്‌സ്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, സി.ഐ.എസ്.എഫ് അക്കമഡേഷന്‍, ലാന്‍ഡ്‌സ്‌കേപ്പിങ്ങ് എന്നിവയുടെ ത്രീഡി വീഡിയോ പ്രദര്‍ശനവും ഉണ്ടാവും. തുടര്‍ന്ന് വിശിഷ്ട വ്യക്തികള്‍ ആശംസ അര്‍പ്പിക്കും.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ (എഞ്ചിനീയറിംഗ്) കെ പി ജോസ് നന്ദി പറയും.

LEAVE A REPLY

Please enter your comment!
Please enter your name here