ഇരുപതിനായിരം ഏക്കര്‍ ഭൂമി കടലായി മാറി; ആലപ്പാടിന് ദുരിതം വിതച്ച് കരിമണല്‍ ഖനനം സീ വാഷ് എന്ന ഓമനപ്പേരില്‍

0
57

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തില്‍ ദുരിതം വിതച്ച കരിമണല്‍ഖനനം തീരദേശവാസികള്‍ ആശങ്കയില്‍. ‘സിവാഷ് ‘എന്ന ഓമനപ്പേരില്‍ ആണ് ഖനനം നടത്തുന്നത്. കരുനാഗപ്പള്ളിതാലൂക്കിലെ ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു.പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആര്‍.ഇ നടത്തുന്ന കരിമണല്‍ ഖനനം മൂലം ഇപ്പോള്‍ 7.6 ചതുരശ്ര കി.മീ. ആയി ചുരുങ്ങിരിക്കുകയാണ് ഏകദേശം ഇരുപതിനായിരം ഏക്കര്‍ ഭൂമി കടലായി മാറിയിരിക്കുന്നു.

ആലപ്പാട് പഞ്ചായത്തിന്റെ തെക്കേയറ്റമായ വെള്ളനാതുരുത്തില്‍ സി.ആര്‍.ഇസഡ് നിയമം പോലും പാലിക്കാതെ മെഷിനറികള്‍ ഉപയോഗിച്ച് മണ്ണ് കുഴിച്ചെടുക്കുമ്പോള്‍ പഞ്ചായത്തിന്റെ മുഴുവന്‍ കടല്‍ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണല്‍ ഈ കുഴികളില്‍ എത്തിച്ചേരുന്നു. ഇവിടെ ഖനനം ചെയ്യുന്നതിന്റെ നിരന്തര പ്രവര്‍ത്തനമാണ് ഭൂമി നഷ്ടപ്പെടാന്‍ കാരണം. വെള്ളനാതുരുത്ത് ഒരു ഭാഗത്ത് ഖനനം നടക്കുമ്പോള്‍ അഴിക്കല്‍ മുതല്‍ തെക്കോട്ടുകടലില്‍ത്തിട്ടയിലെമണ്ണ് ഖനന ഭാഗത്ത് എത്തി കൊണ്ടിരിക്കും. ഈ പ്രദേശങ്ങളില്‍ മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും, പനക്കടപ്പാടങ്ങളും കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും അടുമ്പിവള്ളികള്‍ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലില്‍ നഷ്ടമായി. ഈ പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ കൂലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് കഴിയാതെ വന്നിരിക്കുന്നു.

ഭൂ സ്വത്തുക്കള്‍ കടലാസില്‍ മാത്രമായി ചുരുങ്ങി. ഓരോസര്‍വ്വേ കഴിയുമ്പോഴും റവന്യൂ റിക്കോര്‍ഡില്‍ നിന്നും വസ്തുക്കളുടെ കണക്കുകള്‍നീക്കം ചെയ്യപ്പെടുന്നു. കരിമണല്‍ ഖനനത്തില്‍ പൊന്‍മനഎന്ന ഗ്രാമം തകര്‍ന്നടിഞ്ഞു കിടക്കുന്നു. ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയില്‍ ഇപ്പോഴും ഖനനം നടന്നുകൊണ്ടിരിക്കുന്നുഖനനം നടത്തിയ പ്രദേശങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാതെ ഓരോ മേഖലയും തകര്‍ന്നു കഴിയുമ്പോള്‍ തൊട്ടടുത്ത പ്രദേശംഖനനം വ്യാപിച്ചുകൊണ്ടിരിക്കുകയും കമ്പനികളില്‍ നിന്നും പുറംതള്ളുന്ന രാസമാലിന്യങ്ങള്‍ കടലിന്റെആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉള്‍പ്പെടെയുള്ള നിരവധി ജീവിവര്‍ഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകര്‍ന്നിരിക്കുയാണ്. ദീര്‍ഘകാലമായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്.

ആലപ്പാട് പഞ്ചായത്തിന്റെ നിലനില്പ് വളരെ അപകടത്തിലാണ് ചില സ്ഥലങ്ങളില്‍ കടലും കായലും തമ്മിലുള്ള അകലം 20 മീറ്ററിലും താഴെ മാത്രം. കായലിന്റെ യും കടലിന്റെ യും ഇടയില്‍ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫള്‍ സോണാണ്. ഈ മണല്‍ ബണ്ട് തകര്‍ന്നു കഴിഞ്ഞാല്‍ കടല്‍വെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം, അപ്പര്‍കുട്ടനാട്, മധ്യതിരുവിതാംകൂര്‍ മൊത്തമായി കടല്‍ വിഴുങ്ങാന്‍ സാധ്യതയുള്ളതായി തീരദേശവാസികള്‍ പറയുന്നു. കേരളത്തെ മറ്റൊരു മഹാദുരന്തത്തിലേക്ക് എത്തിക്കാതെ അവശേഷിക്കുന്ന ഈ മണല്‍ ബണ്ട് നിലനിര്‍ത്തുന്നതിന് കരിമണല്‍ ഖനനംപൂര്‍ണ്ണമായി അവസാനിപ്പിച്ച് ആലപ്പാട് പഞ്ചായത്തിനെ രക്ഷിക്കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണാധികാരികള്‍ ചെവികൊള്ളുന്നില്ല എന്നതാണ് സത്യം. ചെറിയഴിക്കല്‍ ക്ഷേത്രത്തിന് സമീപമായി നാല്‍പത് ദിവസമായി നടക്കുന്ന നിരാഹാരസമരത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ചക്ക് തയാറാവണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബേബി കേരള പ്രണാമത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here