ചരിത്രസാക്ഷ്യമായി മൂര്‍ഖന്‍പറമ്പ്; പ്രഥമ ആകാശ ഇരമ്പല്‍ 10.06 ന്

0
14

മട്ടന്നൂര്‍: മൂര്‍ഖന്‍പറമ്പിനെ ചരിത്രസാക്ഷിയാക്കി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രഥമവിമാനം പറന്നുയര്‍ന്നത് കാലത്ത് 10.06 ന്. മുഖ്യമന്ത്രി പിണറായിവിജയനും കേന്ദ്രവ്യോമയാനമന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്ന് കാലത്ത് 9.56 ന് ടെര്‍മിനല്‍ സ്റ്റേഷനില്‍ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നേരത്തേ ഏപ്രണില്‍ നിര്‍ത്തിയിട്ട് എയ്‌റോബ്രിഡ്ജുമായി ബന്ധിപ്പിച്ചിരുന്ന എയര്‍ഇന്ത്യാ വിമാനം 10.02 ന് എയ്‌റോബ്രിഡ്രുമായുള്ള ബന്ധം വേര്‍പെടുത്തി ഫ്‌ളാഗ്ഓഫ് നടക്കുന്ന സ്റ്റേജിന്റെ പടിഞ്ഞാറു ഭാഗത്തെത്തി. 9.41 മുതല്‍ യാത്രികരെ എയ്‌റോബ്രിഡ്ജുവഴി വിമാനത്തിലെത്തിച്ചിരുന്നു.

10.04 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ഫ്‌ളാഗ്ഓഫ് ചെയ്തതോടെ വിമാനം നിരങ്ങിനീങ്ങി. തുടര്‍ന്ന് 10.06 ന് ആകാശത്തേക്ക് കുതിച്ചു. ഈ വേളയില്‍ 3 ഹെലിക്കോപ്റ്ററുകളും 3 ചെറുവിമാനങ്ങളും ഏപ്രണില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച പുലര്‍ച്ചെയുമാണ് രണ്ട് ഹെലിക്കോപ്റ്ററുകള്‍ എത്തിയത്. നാവികസേനയുടെ ഒരുവിമാനം പുലര്‍ച്ച 3.50 നും മറ്റൊന്ന് കാലത്ത് 7.50 നും വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് 8.48 ന് ലുലുഗ്രൂപ്പ് ചെയര്‍മാനും കിയാല്‍ ഡയറക്ടറുമായ എം.എ. യൂസഫലി സ്വന്തം വിമാനമായ ഗള്‍ഫ്‌സ്ട്രീം എയ്‌റോ സ്‌പെയ്‌സില്‍ വിമാനത്താവളത്തിലെത്തി. പിന്നീട് 9.34 ന് ഒരുഹെലിക്കോപ്റ്ററും എത്തി. ഇവയൊക്കെയും പ്രഥമ ആകാശ ഇരമ്പലിന് സാക്ഷികളായി.

പ്രഥമവിമാനം ഉയരുന്ന ചടങ്ങിന് മാധ്യമപ്രവര്‍ത്തകരും വിശിഷ്ടവ്യക്തികളും ഉള്‍പ്പെടെ നൂറോളംപേര്‍ക്കു മാത്രമായിരുന്നു പ്രവേശനം. പ്രഥമവിമാനം പറന്നുയര്‍ന്നതോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം 5.17 നും 5.28 നും ഓരോവിമാനം വീതം മൂര്‍ഖന്‍പറമ്പിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here