ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച കൊടിയിറക്കം; 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

0
3

പ്രേമന്‍
തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ പ്രേക്ഷക പിന്തുണയോടെ സംഘടിപ്പിച്ച രാജ്യാന്തര ചലച്ചിത്രമേള വ്യാഴാഴ്ച കൊടിയിറങ്ങും. സര്‍ക്കാര്‍ ധനസഹായമില്ലെങ്കിലും മേള മുടങ്ങാന്‍ അനുവദിക്കില്ലെന്ന ചലച്ചിത്ര പ്രേമികളുടെ നിശ്ചയദാര്‍ഢ്യമാണ് ഈ ഉത്സവം യാഥാര്‍ഥ്യമാക്കിയത്. സമാപന ദിവസമായ ഇന്ന് വിവിധ തിയറ്ററുകളിലായി 37 ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണവും തുടര്‍ന്നു പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും.

ഹോപ് ആന്‍ഡ് റീബില്‍ഡിങ് ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480 ലധികം പ്രദര്‍ശനങ്ങളാണു മേളയില്‍ ഒരുക്കിയത്. ലോക സിനിമാവിഭാഗത്തില്‍ അഞ്ചു ഭൂഖണ്ഡങ്ങളിലെ തൊണ്ണൂറിലധികം ചിത്രങ്ങള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. മത്സര വിഭാഗത്തില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങള്‍ക്കു വന്‍ സ്വീകരണമാണു ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്‌കറിന്റെ കോട്ടയം, ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം, ആഷിക് അബുവിന്റെ മായാനദി, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങള്‍ക്കു മികച്ച പ്രതികരണം ലഭിച്ചു.
ലൂയിസ് ഒര്‍ട്ടേഗയുടെ എല്‍ ഏയ്ഞ്ചല്‍, കിര്‍ഗിസ് ചിത്രമായ നൈറ്റ് ആക്സിഡന്റ്, ബെഞ്ചമിന്‍ നൈഷ്ഠാറ്റിന്റെ റോജോ, മന്‍ബികി കസോകുവിന്റെ ഷോപ് ലിഫ്റ്റേഴ്സ്, അല്‍ഫോന്‍സോ കുവാറോണിന്റെ റോമ, അലി അബ്ബാസിയുടെ ബോര്‍ഡര്‍, ബനഡിക്ട് ഏര്‍ലിങ്സണ്ണിന്റെ വുമണ്‍ അറ്റ് വാര്‍, മില്‍കോ ലാസറോവിന്റെ ആഗ, വനൂരി കഹിയുവിന്റെ റഫീക്കി തുടങ്ങിയ ചിത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങളും പ്രേക്ഷകപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ലോക സിനിമയിലെ വിസ്മയ പ്രതിഭ ഇംഗ്മര്‍ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു പ്രദര്‍ശിപ്പിച്ച ഡോക്കുമെന്ററിയടക്കം എട്ടു ചിത്രങ്ങള്‍ക്കും നല്ല തിരക്ക് അനുഭവപ്പെട്ടു. ദൃശ്യകാവ്യങ്ങളാണു ബര്‍ഗ്മാന്‍ ചിത്രങ്ങളെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഓരോ പ്രദര്‍ശനവും. റിമംബറിങ് ദ് മാസ്റ്റര്‍ വിഭാഗത്തില്‍ ചെക്ക് സംവിധായകന്‍ മിലോസ് ഫോര്‍മാന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

ലെനിന്‍ രാജേന്ദ്രന്‍ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു.പത്മരാജനോടുള്ള ആദര സൂചകമായി ചിത്രീകരിച്ച സുമേഷ് ലാലിന്റെ ഹ്യൂമന്‍സ് ഓഫ് സം വണ്‍, പത്മരാജന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണു പ്രദര്‍ശിപ്പിച്ചത്.

മേളയുടെ പ്രധാന വേദിയായ ടഗോര്‍ തിയറ്ററില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരവ് അര്‍പ്പിച്ച് ഒരുക്കിയ സംഗീത സന്ധ്യകള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. മഹാരാഷ്ട്രയില്‍ ചിലര്‍ മതവിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്നു മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി. വിശ്വാസത്തിന്റെ മറവില്‍ രാഷ്ട്രീയം വളര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും അതു നാടിന് ആപത്താണെന്നും മേളയിലെ ഇന്‍കോണ്‍വര്‍സേഷനില്‍ അദ്ദേഹം പറഞ്ഞു. ബോളിവുഡ് സിനിമകളുടെ ആധിപത്യമുള്ള മഹാരാഷ്ട്രയില്‍ മറാത്തി സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ പോലും കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here