ഗാനമേളയ്ക്കിടെ പോലീസിനെ മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുണ്ടായേക്കും

0
3

പളുകല്‍: ഗാനമേളയ്ക്കിടെ പോലീസിനെ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും ഗുരുതരാവസ്ഥയിലാക്കിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നിരവധിപേര്‍ പോലീസ് നിരീക്ഷണത്തില്‍ ആണ്. കുന്നത്തുകാല്‍ കൂനന്‍പന സ്വദേശിയും സി.പി.എം വെള്ളറട ഏരിയാകമ്മറ്റി അംഗവുമായ എസ്. കുമാറി (45 )നെയാണ് പളുകല്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കന്യാകുമാരി ജില്ലാ അതിര്‍ത്തിയിലെ പളുകല്‍ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനും കൊല്ലംകോടിനുസമീപം നിദ്രവിള സ്വദേശിയുമായ ഗണേഷ് കുമാറി (52 )നെയാണ് തലയില്‍ മുറിവേറ്റും ശരീരമാസകലം ക്ഷതമേറ്റും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. കാരക്കോണം പരമുപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപന ദിനത്തില്‍ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. ഗാനമേളയില്‍ പാട്ടിനൊപ്പം നൃത്തം ചെയ്ത ആസ്വാദകരില്‍ ചിലര്‍ വിവസ്ത്രരായതിനെ പോലീസ് വിലക്കുകയും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങുകയും ചെയ്തതതോടെ അക്രമാസക്തരായ യുവാക്കള്‍ പോലീസിനെ വിരട്ടി ഓടിച്ചു പുറത്താക്കി .അക്രമികള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ പോലീസിനെ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു. കേരളത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ സ്റ്റേഡിയം തമിഴ്നാട് പട്ടയ ഭൂമിയിലാണ്. അതിനാല്‍ വേദിയുടെ ക്രമസമാധാന ചുമതല തമിഴ്നാട് പോലീസിനായിരുന്നു. സംഭവസമയത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് കാമറയില്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു വരുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരെല്ലാം കേരളത്തിലുള്ളവരായതിനാല്‍ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ വെള്ളറട പോലീസിന്റെ സഹായവും തമിഴ്നാട് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.നിലവില്‍ ഒന്‍പതോളം പേരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.രാത്രി പത്തുമണിക്ക് ശേഷം പൊതുപരിപാടികള്‍ നടത്തരുതെന്ന കോടതി വിധി നിലനില്‍ക്കെ രാത്രി വൈകിയും ആഘോഷ പരിപാടി സംഘടിപ്പിച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും കേസെടുക്കുമെന്നും പളുകല്‍ എസ്. ഐ സുകുമാരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here