പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടു; ചില്ലിപ്പൈസ സഹായം ലഭിച്ചില്ല; വിധവയായ വീട്ടമ്മ വില്ലേജ് ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചു

0
2

രാജാക്കാട്: വീടും സ്ഥലവും നഷ്ടപ്പെട്ട വിധവയായ വീട്ടമ്മയ്ക്ക് പ്രളയാനന്തര സര്‍ക്കാര്‍ സഹായം ലഭിച്ചില്ല. ഉദ്യോഗസ്ഥ അനാസ്ഥയെന്നു ആരോപിച്ച് വീട്ടമ്മ കാന്തിപ്പാറ വില്ലേജാഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചു. സേനാപതി പഞ്ചായത്തിലെ മുക്കുടി സ്വദേശി എട്ടേക്കറില്‍ ഏലിയാമ്മയാണ് പ്രതിഷേധവുമായി വില്ലേജ് ഓഫീസിലെത്തിയത്.

പതിനൊന്നാം വാര്‍ഡില്‍ ഏലിയാമ്മയും ഏക മകനുമാണ് താമസിച്ചിരുന്നത്. പ്രളയത്തില്‍ ശക്തമായുണ്ടായ മണ്ണിടിച്ചിലില്‍ ഇവരുടെ സ്ഥലവും വീടും പൂര്‍ണ്ണമായി നശിച്ചു. തുടര്‍ന്ന് ഇരുവരും സര്‍ക്കാര്‍ ക്യാമ്പിലായിരുന്നു താമസം. ക്യാമ്പ് പിരിച്ച് വിട്ടതോടെ സമീപത്ത് വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങി. പ്രളയം കഴിഞ്ഞ് ഇതുവരെ ഒരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്നു ഏലിയാമ്മ പറയുന്നു. അടിയന്തര സഹായമായി അനുവദിച്ച പതിനായിരം രൂപയും ലഭിച്ചില്ല. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥലത്തിന് പട്ടയമില്ലെന്ന കാരണം പറഞ്ഞു ഇതും നിഷേധിക്കുകയാണെന്നും ഓഫീസ് കയറിയിറങ്ങി മടുത്തതാണ് വില്ലേജാഫീസില്‍ കുത്തിയിരിക്കാന്‍ കാരണമെന്നും ഏലിയാമ്മ പറയുന്നു. പട്ടയുമുള്ള സ്ഥലം വാങ്ങിയതിന് ശേഷം വരാനാണ് അധികൃതര്‍ പറയുന്നതത്രെ.

ഇതിനിടെ പ്രളയാനന്തര സഹായം നല്‍കുന്നതില്‍ സേനാപതി പഞ്ചായത്തിനോട് കടുത്ത അവഗണനയാണ് അധികൃതര്‍ കാണിക്കുന്നതെന്നാണ് സേനാപതി പഞ്ചായത്തിന്റെ ആരോപണം. പ്രളയത്തില്‍ പഞ്ചായത്തില്‍ തൊണ്ണൂറ്റി നാല് വീടുകള്‍ വാസയോഗ്യമല്ലാതായിട്ടുണ്ട്. നിരവധി വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. പൂര്‍ണ്ണമായി തകര്‍ന്ന വീടുകളുടെ പട്ടികയില്‍ ഉള്ളത് പത്ത് വീടുകള്‍ മാത്രമാമെന്നു പസിഡന്റ് ജോസ് തോമസ് പറയുന്നു.

വീടുകള്‍ തകര്‍ന്നവര്‍ക്ക് നവംബര്‍ മാസത്തില്‍ ധന സഹായം നല്‍കുമെന്ന് ജില്ലാ ഭരണകൂടം അിയിച്ചിരുന്നെങ്കിലും ഒരു രൂപ പോലും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പ്രസിഡന്റ് വിശദീകരിക്കുന്നു. ഇതിനിടെ വീട്ടമ്മയുടെ സമരത്തിന് പന്തുയുമായി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷധം അവസാനിച്ചില്ല. പ്രശ്‌നത്തിന് പരിഹാരമാകുന്നത് വരെ സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം വില്ലേജാഫിസിനുള്ളില്‍ കുത്തിയിരുന്ന ഏലിയാമമ പി്ന്നീട് ഓഫീസിനുമുമ്പിലേക്കു മാറി.

LEAVE A REPLY

Please enter your comment!
Please enter your name here